പൊള്ളലേറ്റാല്‍ എല്ലാവര്‍ക്കും പരിഭ്രമമാണ്. പൊള്ളലേറ്റയാള്‍ക്ക് എങ്ങനെ പ്രാധമിക ശുശ്രൂഷ നല്‍കാം എന്നതിനെ കുറിച്ച്‌ പലര്‍ക്കും അറിവുണ്ടാകില്ല. പൊള്ളലേറ്റയാള്‍ക്ക് ആദ്യ ചികിത്സ നല്‍കുമ്ബോള്‍ ചെയ്യേണ്ട കാര്യങ്ങളും, ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യ പരിപാലനമാണ് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ തന്നെ സഹായിക്കുക.

അദ്യം ചെയ്യേണ്ടത് തീ പിടിച്ച വസ്ത്രവുമായി ഓടാന്‍ അവരെ അനുവദിക്കരുത് എന്നാണു. കാറ്റേറ്റ് തീ ആളി പടരാന്‍ ഇത് കാരണമാകും. തീ പിടിച്ച വസ്ത്രങ്ങള്‍ വേഗം അഴിച്ചു മാറ്റണം. അതിനുശേഷം പൊള്ളലേറ്റ ഭാഗത്ത് തണുത്തവെള്ളം ഒഴിക്കുകയോ തണുത്ത വെള്ളത്തില്‍ മുക്കി വെക്കുകയൊ ചെയ്ത് ചൂട് അകറ്റണം. കൈകാലുകളില്‍ പൊള്ളലേറ്റിട്ടുണ്ടെങ്കില്‍, വാച്ച്‌, മോതിരം, വളകള്‍ എന്നിവ ഉടനെ അഴിച്ചുമാറ്റണം. മാത്രമല്ല പൊള്ളലേറ്റ ആളുടെ മാനസ്സികനിലയില്‍ തകര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളില്‍ സ്നേഹവും പരിചരണവും നല്‍കേണ്ടത് രോഗിയുടെ മാനസിക ബലത്തിന് അത്യാവശ്യമാണ്.

പൊള്ളലേറ്റ ആളുകള്‍ക്ക് വെള്ളം വളരെ കുറച്ചു മാത്രമെ കുടിക്കാനായി നല്‍കാവൂ. പൊള്ളലേറ്റ ഭാഗത്തെ കുമിളകള്‍ ഒരിക്കലും പൊട്ടിക്കാന്‍ ശ്രമിക്കുകയോ ഈ ഭാഗങ്ങളില്‍ പൗഡര്‍, നെയ്യ് തുടങ്ങിയവ പുരട്ടുകയോ ചെയ്യരുത്. അത് അണുബധയുണ്ടാകാന്‍ കാരണമാക്കും. ഗൗരവമുള്ളതും ആഴമേറിയതും രോഗിയുടെ ജീവന് അപകടമുള്ളതുമായ തീപ്പൊള്ളലാണ് ഏറ്റിട്ടുള്ളതെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. പൊള്ളലേറ്റ ആളെ കമ്ബിളികൊണ്ട് മൂടുക. വസ്ത്രങ്ങള്‍ മെല്ലെ അഴിച്ചുമാറ്റുകയോ അഴിക്കാന്‍ വിഷമമാണെങ്കില്‍ മുറിച്ചുമാറ്റുകയോ ചെയ്യുക. തീപ്പൊള്ളലേറ്റ ചര്‍മത്തില്‍ വസ്ത്രം ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ പിടിച്ചുവലിക്കാതിരിക്കുക. രോഗിയെ സമാധാനിപ്പിച്ച ശേഷം നിലത്തു കിടത്തുക. കിടത്തുമ്ബോള്‍ പൊള്ളിയഭാഗം നിലത്തുതട്ടാതെ നോക്കണം. പൊള്ളലേറ്റഭാഗത്ത് തണുത്തവെള്ളം ചുരുങ്ങിയത് 10 മിനിട്ട് ഒഴിക്കുക. വിദഗ്ദ്ധചികിത്സ ലഭിക്കുന്നതുവരെ പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട് മൂടിവയ്ക്കാം.