കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ഇനി രണ്ട് നാള്‍ കൂടി. മേയ് രണ്ട് ഞായറാഴ്ച രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കും. വ്യാഴാഴ്ച രാത്രി മുതല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. വടക്കന്‍ ജില്ലകളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പ്രമുഖ മാധ്യമങ്ങള്‍ ഇന്നലെ പുറത്തുവിട്ടത്. ഇതില്‍ മനോരമ ന്യൂസ് മാത്രമാണ് വടക്കന്‍ ജില്ലകളില്‍ യുഡിഎഫ് ആധിപത്യം പ്രവചിക്കുന്നത്.

ഇടതിനു മേല്‍ക്കൈ ഉള്ള കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ യുഡിഎഫ് 38 സീറ്റ് നേടുമെന്നാണ് മനോരമ ന്യൂസ്-വി.എം.ആര്‍ സര്‍വെ ഫലം. എല്‍ഡിഎഫിന് 34 സീറ്റും എന്‍ഡിഎയ്ക്ക് ഒരു സീറ്റുമാണ് ഈ സര്‍വെ പ്രവചിക്കുന്നത്.

വടക്കന്‍ ജില്ലകളില്‍ ഇടത് ആധിപത്യമെന്നാണ് മറ്റ് സര്‍വെകളില്‍ നിന്ന് വ്യക്തമാകുന്നത്. മലപ്പുറം വരെയുള്ള വടക്കന്‍ ജില്ലകളില്‍ എല്‍ഡിഎഫ് 32 സീറ്റ് നേടുമെന്ന് മാതൃഭൂമി-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. യുഡിഎഫിന് 12 സീറ്റും ഇവര്‍ പ്രവചിക്കുന്നു.

കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ഇടത് മേല്‍ക്കൈ എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ എക്‌സിറ്റ് പോള്‍ ഫലത്തിലും പറയുന്നത്. എല്‍ഡിഎഫ് 21 മുതല്‍ 25 സീറ്റ് വരെ നേടുമ്ബോള്‍ യുഡിഎഫ് ആറ് മുതല്‍ 10 സീറ്റ് വരെ മാത്രമേ നേടൂ എന്നും പറയുന്നു. മറ്റ് ദേശീയ മാധ്യമങ്ങള്‍ നടത്തിയ സര്‍വെയിലും വടക്കന്‍ ജില്ലകള്‍ ഇടതിനൊപ്പം നില്‍ക്കുമെന്നാണ് പറയുന്നത്.