വാഷിങ്ടൻ ഡി സി ∙ ഇന്ത്യയിൽ കോവിഡ് വ്യാപനം ശക്തമായിരിക്കെ രാജ്യത്തു കഴിയുന്ന അമേരിക്കൻ പൗരന്മാരോടു ഉടൻ രാജ്യം വിടാൻ യുഎസ് ഗവൺമെന്റ് നിർദേശിച്ചു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും, ഇന്ത്യയിലുള്ളവർ ഉടൻ മടങ്ങിവരണമെന്നുമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് നിർദേശിച്ചിരിക്കുന്നത്.

കോവിഡ് ചികിത്സയ്ക്ക് ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ഇന്ത്യ വിടുന്നതിന് താല്പര്യമുള്ള എല്ലാവർക്കും യാത്രാ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യയിൽ നിന്നും നേരിട്ടു ദിവസവും വിമാന സർവീസ് പാരീസ്, ഫ്രാങ്ക്‌ഫർട്ട് വഴി ഉണ്ടായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ഇന്ത്യയിൽ കുത്തനെ ഉയരുകയാണ്. അത്യാവശ്യത്തിനു ഓക്സിജൻ ലഭ്യമല്ല. ആശുപത്രികളിൽ ആവശ്യത്തിനു സൗകര്യമില്ലാ എന്നതും അമേരിക്കൻ പൗരന്മാരെ തിരിച്ചു വിളിക്കുന്നതിനു കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നു. ലെവൽ ഫോർ ട്രാവൽ ഹെൽത്ത് നോട്ടീസാണ് സെന്റേഴ്സ് ഫോർ ഡീസിസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇന്ത്യയെ സംബന്ധിച്ചു നൽകിയിരിക്കുന്നത്.