ഫ്ലോറിഡ ∙ ഏപ്രിൽ 28 ബുധനാഴ്ച ഫ്ലോറിഡയിൽ കോവിഡ് 19നെ തുടർന്ന് 72 പേർ മരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 35,030 ആയി ഉയർന്നു. ഇന്ന് 5,178 പേരിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ സംഖ്യ 2,222,546 ആയി. 91,636 പേരെ ഇതുവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പാൻഡമിക്കിന്റെ രണ്ടാം ഘട്ടത്തിൽ അമേരിക്കയിലെ രോഗികളുടെ എണ്ണം ഏറ്റവും വർദ്ധിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഫ്ലോറിഡാ പത്താം സ്ഥാനത്താണ്.ഒർലാന്റൊ മെട്രോ ഏരിയായിലാണ് കോവിഡിന്റെ വ്യാപനം ഏറ്റവും കൂടുതലായിരിക്കുന്നത്. ഏപ്രിൽ 20 മുതൽ 26 വരെയുള്ള കണക്കുകളാണ് ആരോഗ്യവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്.

ഓറഞ്ചു കൗണ്ടിയിൽ ഇതിനകം 11 വയസ്സിനു മുകളിലുള്ള 70% പേർക്കും കോവിഡ് വാക്സിൻ പൂർണ്ണമായും നൽകാൻ കഴിഞ്ഞതായി മേയർ ജെറി ഡെമിംഗിംസ് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയിൽ 38192 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ അതിനു മുമ്പുള്ള ആഴ്ചയിൽ കോവിഡ് സ്ഥിരികരിച്ചത് 42668 പേരിലാണെന്ന് അധികൃതർ പറഞ്ഞു. അതോടൊപ്പം മരണം കഴിഞ്ഞ ആഴ്ചയിൽ 414 ഉം , അതിനു മുമ്പുള്ള ആഴ്ചയിൽ 452 ഉം ആയിരുന്നു.

ഫ്ലോറിഡാ ഗവർണർ കൊറോണ വൈറസിനെ നേരിടാൻ പ്രഖ്യാപിച്ച സ്റ്റേറ്റ് ഓഫ് എമർജൻസി അടുത്ത 60 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുമെന്നും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.