കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധ പടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. രോഗബാധ ഏറ്റ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. വെറും 24 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നകൊവിഡ് വാക്‌സിന്റെ 2 ഡോസും സ്വീകരിച്ച മാനന്തവാടിയിലെ ലാബ് ടെക്‌നീഷ്യനായ അശ്വതിയുടെ മരണമായിരുന്നു അവസാനമായി കേരളത്തെ കണ്ണീരിലാഴ്ത്തിയത്. ഇപ്പോഴിതാ ആറ് മാസം ഗര്‍ഭിണിയായ ഡോക്ടറുടെ മരണവാര്‍ത്തയാണ് പുറത്ത് വരുന്നത്.25കാരിയായ ഡോ. മഹ ബഷീറാണ് മരിച്ചത്. ദുബായിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മഹ ഉപരി പഠനത്തിനായാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.കഴിഞ്ഞ വര്‍ഷമാണ് മഹ ബഷീര്‍ വിവാഹിതയായത്. മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന മഹയ്ക്ക് ഏപ്രില്‍ പകുതിയോടെയാണ് കോവിഡ് ബാധിച്ചത്. രോഗബാധിതയായ മഹ ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെയാണ് ചികിത്സ തേടിയത്.മഹ ബഷീറിന് രോഗ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആറ് മാസം ഗര്‍ഭിണിയായിരുന്ന മഹയുടെ കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ മഹ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.