ചെറുന്നിയൂര്‍: സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ അടിസ്ഥാന നിര്‍മാണത്തിന് കുഴിയെടുത്തപ്പോള്‍ തൊട്ടരികിലെ മണ്ണിടിഞ്ഞു കുഴിയില്‍ അകപ്പെട്ട മൂന്നു ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാരും വര്‍ക്കല പൊലീസും അഗ്നിശമന സേനയും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 12 മണിയോടെ ചെറുന്നിയൂര്‍ ഗവ.ഹൈസ്കൂള്‍ വളപ്പിലാണ് അപകടം. ബംഗാള്‍ സ്വദേശികളായ അര്‍ജുന്‍(28), ജയദേവ്(27), വിനോദ്(29) എന്നിവര്‍ക്കാണ് പരുക്ക്.

അപകടസമയത്ത് പത്തോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരില്‍ മൂന്നു പേരാണ് അരയ്ക്കു കീഴ് ഭാഗം വരെ മണ്ണില്‍ മൂടി കുടുങ്ങിക്കിടന്നത്. ആദ്യം സ്ഥലത്തെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഒരാളെ മണ്ണില്‍ നിന്നു പുറത്തെടുത്തു. ബാക്കി രണ്ടു പേരെ അഗ്നിശമന സേനയും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

പരുക്കുകളോടെ മൂന്നു പേരെയും അഗ്നിശമന സേന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കെട്ടിടത്തിന് പില്ലര്‍ സ്ഥാപിക്കാന്‍ 20 അടിയോളം ആഴത്തിലാണു മണ്ണ് നീക്കം ചെയ്യുന്നത്. സ്കൂളില്‍ നിലവിലുള്ള പഴയ ഓഡിറ്റോറിയം പൊളിച്ചാണ് രണ്ടു കോടിയുടെ ഇരുനില കെട്ടിടം പണിയുന്നത്.