മൂന്നാര്‍: ഒരാഴ്ച മുന്‍പ് കാണാതായ തോട്ടം തൊഴിലാളിയെ ഇതുവരെ കണ്ടെത്താനായില്ല. പോലീസ് വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ പരിശോധന നടത്തിയിട്ടും ഒരു വിവരവും ലഭ്യമായിട്ടില്ല. 20-നാണ് കടലാര്‍ ഈസ്റ്റ് ഡിവിഷനില്‍ ധനശേഖറിനെ (38) ജോലിക്കിടയില്‍ കാണാതായത്. രാവിലെ 9.30-ന് മറ്റു തൊഴിലാളികള്‍ക്ക് ചായ വാങ്ങാനായി കാന്റീനിലേക്ക് പോയ ധനശേഖറിനെ പിന്നീട കാണാതാവുകയായിരുന്നു. രാവിലെ ചോലക്കാട്ടില്‍ നിന്ന് പുലിയുടെ മുരള്‍ച്ച കേട്ടതായി തൊഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കുറെ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും സംശയിക്കത്തക്ക വിധത്തില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.തുടര്‍ന്നാണ്, തിങ്കളാഴ്ച ഉച്ച കഴിഞ്ഞു മൂന്നാര്‍ എസ്.എച്ച്‌.ഒ. കെ.ആര്‍.മനോജ്, എസ്.ഐ. ടി.എം.സൂഫി എന്നിവരുടെ നേതൃത്വത്തില്‍ കടലാര്‍ ഈസ്റ്റ് ഡിവിഷനിലെ ചോലക്കാടുകളും മറ്റും പരിശോധന നടത്തിയത്. അന്‍പതിലധികം തൊഴിലാളികളെയും അടുത്ത ബന്ധുക്കളെയും പോലീസ് ഒരാഴ്ചക്കിടയില്‍ ചോദ്യം ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രണ്ടാഴ്ച മുന്‍പ് കടലാര്‍ എസ്റ്റേറ്റിലെ സ്റ്റോര്‍റൂം തകര്‍ത്ത് വില പിടിപ്പുള്ള കീടനാശിനി മോഷണം പോയിരുന്നു.ഇതുസംബന്ധിച്ച്‌ ധനശേഖറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച ഇയാളെ കാണാതായത്.