ഹരിദ്വാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച്‌​ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്​. മുഖ്യ പുരോഹിതരില്‍ ഒരാളായ സ്വാമി അവദേശ്വാനന്ദ്​ ഗിരിയാണ്​ ഇക്കാര്യം അറിയിച്ചത്​. ജുന അഖാഡയിലെ അംഗമാണ്​ സ്വാമി അവദേശ്വാനന്ദ്​ ഗിരി.

ജനങ്ങളുടെ സുരക്ഷക്കാണ്​ പ്രാധാന്യം നല്‍കുന്നത്​. കോവിഡിന്‍റെ പശ്​ചാത്തലത്തില്‍ നിമഞ്​ജന ചടങ്ങുകള്‍ നേരത്തെ പൂര്‍ത്തിയാക്കി​ ജുന അഖാഡ കുംഭമേളയില്‍ നിന്ന്​ പിന്മാറുകയാണെന്ന്​ സ്വാമി അവദേശ്വാനന്ദ അറിയിച്ചു.

അതേസമയം, യു.പി, മഹാരാഷ്​ട്ര, ഗുജറാത്ത്​ സംസ്ഥാനങ്ങള്‍ കുംഭമേള കഴിഞ്ഞെത്തുന്നവര്‍ക്ക്​ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ക്വാറന്‍റീനും നിര്‍ബന്ധിത കോവിഡ്​ പരിശോധനയും തീര്‍ഥാടകര്‍ക്ക്​ നടത്തുമെന്ന്​ സംസ്ഥാനങ്ങള്‍ അറിയിച്ചു.