തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പോസറ്റീവായതും തുടര്‍ന്നുണ്ടായ വിവിധ ചര്‍ച്ചകളുടെയും പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നടത്തിയ പ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘കോവിഡിയറ്റ്’ എന്ന തരത്തിലായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെപ്രമുഖ നേതാക്കള്‍ അടക്കം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

കേന്ദ്രമന്ത്രി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നായിരുന്നു പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രതികരണം.ട്വിറ്ററില്‍ കൂടിയായിരുന്നു പ്രതികരണം. അസ്വീകാര്യമായ ഈ പരാമര്‍ശം നടത്തിയ മന്ത്രിയെ ശാസിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ആരുമില്ലേ എന്നും ചിദംബരം ട്വിറ്ററില്‍ ചോദിച്ചു.ചിദംബരത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചും മുരളീധരനെ അപലപിച്ചും ഒട്ടേറെപ്പേര്‍ ഈ ട്വീറ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തി.

പ്രമുഖ നടന്‍ കമലാഹസനും മുരളീധരനെതിരെ പരാമര്‍ശവുമായി രംഗത്ത് വന്നു.” നികൃഷ്ടനായ പ്രധാനമന്ത്രിയെ പിന്തുടരുന്ന നികൃഷ്ടരായ മന്ത്രിമാരോ അതോ നികൃഷ്ടരായ മന്ത്രിമാരെ പിന്തുടരുന്ന പ്രധാനമന്ത്രിയോ ?…അവര്‍ അനുഭവിക്കാതിരിക്കില്ല ‘-എന്നാണു പ്രമുഖ നടന്‍ കമല്‍ഹാസന്‍ പ്രതികരിച്ചത്.