സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ തെരഞ്ഞെടുപ്പിന് ശേഷം വര്‍ധനയുണ്ടായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

കേരളത്തില്‍ ഇതുവരെ 11,89,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഒരു കോടി 39 ലക്ഷം പരിശോധനകള്‍ നടത്തി. നിലവില്‍ ചികിത്സയിലുള്ളത് 58,245 പേരാണെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്നും ഇന്നലെയുമായി രണ്ടര ലക്ഷത്തോളം പരിശോധന നടത്തി. ഇതിന്റെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യ മാനദണ്ഡമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി കെ കെ ശൈലജ.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പു തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തും. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച്‌ മാസം അവസാനത്തോടെ രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന ഉണ്ടായതായി യോഗം വിലയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്.

മതിയായ ബെഡുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ലഭിക്കാത്ത സാഹചര്യത്തിലൂടെയാണ് ഈ സംസ്ഥാനങ്ങള്‍ കടന്നു പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.