ഇന്ത്യാനാപോലിസ് ∙ ഏപ്രിൽ 15 വ്യാഴാഴ്ച ഇന്ത്യാന പോലിസിലെ ഫെഡക്സ് കേന്ദ്രത്തിലുണ്ടായ മാസ് ഷൂട്ടിങ്ങിൽ കൊല്ലപ്പെട്ട എട്ടുപേരിൽ നാലുപേർ സിക്ക് വംശജരാണെന്നും വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ സിക്ക് വംശജർ ഉണ്ടോ എന്നു വ്യക്തമല്ലെന്നും ഇന്ത്യാന പോലിസ് അറിയിച്ചു. അറ്റ്ലാന്റാ സ്പായിൽ നടന്ന (മാർച്ച്) വെടിവയ്പിനു ശേഷം നടക്കുന്ന 45–ാമത്തെ മാസ്സ് ഷൂട്ടിങ്ങാണിത്.

മറിയോൺ കൗണ്ടി കൊറോണർ ഓഫിസും മെട്രോപൊലിറ്റൻ ഓഫിസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ മരിച്ച എട്ടുപേരുടേയും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അമർജിത് ജോഹൽ (66), ജസ്‍വിന്ദർ കൗർ (64), അമർജിത് സ്ക്കോൺ (48), ജസ്‌വിന്ദർ സിംഗ് (68), കാർലി സ്മിത്ത് (19), സമറിയ ബ്ലാക്ക്‌വെൽ (19), മാത്യു ആർ. അലക്സാണ്ടർ (32), ജോൺ വൈസെർട്ട് (74) എന്നിവരാണ് കൊല്ലപ്പെട്ടവർ. സംഭവ സമയത്ത് നൂറോളം ജീവനക്കാർ കെട്ടിടത്തിലുണ്ടായിരുന്നു.

വെടിവച്ചു എന്നു കരുതുന്ന ഫെഡക്സിലെ മുൻ ജീവനക്കാരൻ സ്ക്കോട്ട് ഹോൾ (19) സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ഇയാൾ നേരത്തെ അക്രമസ്വഭാവം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നു പറയപ്പെടുന്നു.

ഫെഡക്സ് ബിൽഡിംഗിന്റെ പാർ്ക്കിംഗ് ഏരിയായിൽ കാറിൽ എത്തിയ പ്രതി, പുറത്തു കണ്ടവരെ തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു. പിന്നീട് കെട്ടിടത്തിനകത്ത് കയറി അവിടെ കണ്ടവർക്കു നേരേയും വെടിയുതിർത്തു. വിവരം അറിഞ്ഞു മുപ്പതോളം പൊലിസ് വാഹനങ്ങൾ പരിസരത്ത് എത്തിയതോടെ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.

സിക്ക് സമുദായത്തിലെ മൂന്ന് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ട സംഭവത്തിൽ വംശീയതയുണ്ടോ എന്നു പരിശോധിക്കണമെന്ന് കൊയലേഷൻ എക്സികൂട്ടീവ് ഡയറക്ടർ സത്ജിത് കൗർ ആവശ്യപ്പെട്ടു.