അക്ഷരങ്ങളിലല്ല ഹൃത്തിലാകണം
സത്യധര്‍മ്മമെന്നോതി
മയങ്ങികിടക്കും ബ്രഹ്മസിംഹത്തെ
ജ്ഞാനദീപം തെളിച്ചുണര്‍ത്തി
മോഹാന്ധകാരത്തിലുഴലും മനുഷ്യനെ
സന്‍മാര്‍ഗദിശയില്‍ നയിച്ചിടും സന്ന്യാസിമാര്‍

സ്വാര്‍ത്ഥലേശമില്ലാതെ ജീവിതം
ത്യാഗാഗ്നിയില്‍ഹോമിച്ച്
ഇഹപരജീവിതം പരാര്‍ത്ഥമായി
ജീവിക്കാന്‍ പഠിപ്പിച്ച ഗുരുവിന്‍ ശിഷ്യന്‍മാരും

ദൗതികജീവിതശൈലിയില്‍
ചലനമറ്റുപോകും ഈശ്വരസങ്കല്‍പ്പത്തെ
ആദ്യാത്മികതയിലുണര്‍ത്തി
ആത്മീയസമരജീവിതം നയിച്ചിടുന്നിവര്‍

സ്വന്തമെന്ന് കരുതിയതെല്ലാം പരിത്യജിക്കും
നിഷ്‌കിഞ്ചരവര്‍പ്രാജ്ഞനാം സന്ന്യാസിമാര്‍
ആത്മനിഷ്ഠയില്‍ വര്‍ത്തിച്ചിടും
വാക്ചാതുര്യമില്ലാത്ത കര്‍മയോഗികളും

വേലികളില്ലാത്ത മോഹങ്ങള്‍
മാലിന്യമാക്കും മനസുകളെ
കര്‍ശനമായികാത്തീടുന്ന ആവൃതികളെയും
പിന്നെ കഠിനമായ കാവലുകളെയും നിഷ്പ്രഭമാക്കിടും

ലക്ഷ്യം വിസ്മരിച്ചീടും സന്ന്യസ്തര്‍
പാഴായ ജന്‍മങ്ങളാണെങ്കിലും
തോന്ന്യാസമല്ലീ സന്ന്യാസം
ഉടമ്പടിയുടെ ജീവിതം
ദാരിദ്ര്യബ്രഹ്മചര്യാനുസരണങ്ങളാല്‍
വ്രതങ്ങളെടുത്ത സമര്‍പ്പണജീവിതം

സ്വയമെരിഞ്ഞുതീരും കര്‍മയോഗികള്‍ക്കൊരു നിമിഷം
കാലൊന്നിടറിയാല്‍ പിന്നെയ-
പവാദപെരുമഴയായി ബ്രേക്കിംഗ് വാര്‍ത്തകളായി
മറന്നിടുന്നിവരും മനുഷ്യജന്മങ്ങളാണെന്ന്

ചാനല്‍ യുഗത്തിലിരകളാക്കി കൂട്ട-
വിചാരണ ചെയ്തീടുന്നിവരെ
സത്യത്തെ തമസ്‌ക്കരിക്കും
കള്ളനാണയങ്ങളവര്‍
അസത്യങ്ങള്‍ നിരന്തരം പുലമ്പി
സത്യങ്ങളാക്കാന്‍ മത്സരിച്ചിടും

കര്‍മരംഗങ്ങളില്‍ കര്‍മ്മനിരതരാം കര്‍മ്മയോഗികള്‍
ആക്ഷേപഹാസ്യങ്ങളില്‍ തളരാതെ
ദൈവീകപ്രണയത്തിന്‍ മൂര്‍ച്ചയില്‍
സേവന വീഴ്ചയില്ലാതെ തുടര്‍ന്നീടും