മുംബൈ: കോവിഡ് വൈറസിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അറുപതിനായിരത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 398 പേര്‍ കോവിഡ് ബാധിച്ച്‌ മരണപ്പെടുകയും ചെയ്തു.

37,03,584 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 35,19,208 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,335 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 8,803 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 53 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹിയിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 19,486 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ ഇന്ന് 6,910 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,818 പേര്‍ രോഗമുക്തി നേടി. 26 പേര്‍ മരിച്ചു.