വാഷിങ്ടൻ∙ കോവിഡ് വാക്സീന്‍ രണ്ടാം ഡോസ് എടുത്ത് ഒരു വർഷത്തിനുള്ളിൽ ചിലപ്പോൾ മൂന്നാം ഡോസും എടുക്കേണ്ടി വന്നേക്കാമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല പറഞ്ഞു. വാക്സിനേഷൻ സീക്വൻസ് എന്താണെന്നും എത്ര തവണ വാക്സീൻ എടുക്കേണ്ടിവരുമെന്നും എത്രകാലത്തേക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നതും കണ്ടറിയേണ്ടതാണെന്നും രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബൗർല പറഞ്ഞു.

സാധ്യതയുള്ള ഒരു കാര്യമെന്നു പറയുന്നത് ആറു മുതൽ 12 മാസങ്ങൾക്കിടയിൽ‍‍‍‍‍‍‍‍‍ എപ്പോഴെങ്കിലും ബൂസ്റ്ററായി മൂന്നാം ഡോസ് എടുക്കുന്നതാണ്. ചിലപ്പോൾ വർഷംതോറും വാക്സീനേഷന്‍ ആവശ്യമായും വന്നേക്കാം. ഇതിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. വൈറസ് വകഭേദങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ബൗര്‍ല പറയുന്നു.

വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസില്‍നിന്ന് എത്രകാലം വാക്സീൻ സംരക്ഷണമൊരുക്കുമെന്ന് നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ 91 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ഫൈസര്‍ കമ്പനി അവകാശപ്പെട്ടിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം രോഗത്തിനെതിരായ പ്രതിരോധം ആറുമാസം വരെ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.