ടൊറന്റോ∙കാനഡയിൽ പ്രവാസി കേരള കോൺഗ്രസ് എം സംഘടിപ്പിച്ച കെ.എം. മാണി രണ്ടാം ചരമ വാർഷിക ദിനാചരണം റോഷി അഗസ്റ്റിൻ എംഎൽഎ ഉദഘാടനം ചെയ്തു. കേരളത്തിലെ തൊഴിലാളികളെയും അവശത അനുഭവിക്കുന്നവരെയും കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ കെ.എം. മാണി വഹിച്ച പങ്കിനെക്കുറിച്ചു ചടങ്ങിൽ സംസാരിച്ച റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. കെ.എം. മാണി എന്ന ദീർഘദർശിയുടെ ഓർമകളാണ് കേരള കോൺഗ്രസിനെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എം മാണി മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു ചടങ്ങിൽ സംസാരിച്ച മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് അനുസ്മരിച്ചു. കേരളം കണ്ട ഏറ്റവും ഭാവനാപൂർണമായ പദ്ധതികൾ നടപ്പാക്കിയത് അദ്ദേഹമാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ വ്യക്താവായിരുന്നു കെ.എം. മാണി. പ്രതിസന്ധി ഘട്ടങ്ങളെ നിഷ്പ്രയാസം തരണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ വൈഭവത്തെക്കുറിച്ചും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സ്റ്റീഫൻ ജോർജ് അനുസ്മരിച്ചു.
മാനവികതയിൽ ഊന്നിയ പദ്ധതികളാണു കെ.എം മാണി നടപ്പാക്കിയതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രമോദ് നാരായണൻ പറഞ്ഞു. കാരുണ്യ പദ്ധതി, ഭാവനനിർമാണ പദ്ധതി, കർഷക പെൻഷൻ, റബർ വിലസ്ഥിരത പദ്ധതി എന്നിവയെല്ലാം കെ.എം മാണിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധത വ്യകതമാക്കുന്ന പദ്ധതികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡ പ്രവാസി കേരള കോൺഗ്രസ് എം പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയിൽ സൂമിൽ ചേർന്ന യോഗത്തിൽ നൂറിലേറെ പേർ പങ്കെടുത്തു. സിനു മുളയാനിക്കൽ സ്വാഗതവും, റോഷൻ പുല്ലുകാലായിൽ കൃതജ്ഞതയും രേഖപ്പെടുത്തിയ യോഗത്തിൽ, ബിനേഷ് ജോർജ്, അമൽ വിൻസന്റ്, ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജോസ് നെല്ലിയാനി, ജിജു ജോസഫ്, സിബി ജോൺ, ജോസ് കുര്യൻ എന്നിവർ പ്രസംഗിച്ചു. ആസ്റ്റർ ജോർജ്, റെബി ചെമ്പോട്ടിക്കൽ, ജോജോ പുളിക്കൻ, റോബിൻ വടക്കൻ, മാത്യു വട്ടമല, ചെറിയാൻ കരിംതകര, അശ്വിൻ ജോസ്, മാത്യു റോയ്, ക്ലിൻസ്‌ സിറിയക്ക് എന്നിവർ തുടർന്നുള്ള ചർച്ചകളിൽ പങ്കെടുത്തു.