റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്രൈസ്റ്റ് ദി റെഡീമർ ശില്പത്തിനേക്കാൾ ഉയരമുള്ള മറ്റൊരു ക്രിസ്തു രൂപത്തിന്റെ നിർമ്മാണം ദക്ഷിണ ബ്രസീലിൽ പുരോഗമിക്കുന്നു. ‘ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ’ എന്ന് പേരിട്ടിരിക്കുന്ന രൂപം ദക്ഷിണ ബ്രസീൽ സംസ്ഥാനമായ റിയോ ഗ്രാൻഡി ഡോ സുളളിലെ എൻകൻറ്റാഡോ എന്ന ഗ്രാമത്തിലാണ് ഉയരുന്നത്. ഫ്രണ്ട്സ് ഓഫ് ക്രൈസ്റ്റ് അസോസിയേഷൻ എന്ന സംഘടനയാണ് നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. സ്റ്റീലും, കോൺക്രീറ്റ് മിശ്രിതവും ചേർത്ത് നിർമ്മിക്കുന്ന രൂപത്തിനു 43 മീറ്റർ (141 അടി) ഉയരമുണ്ട്.

ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയേക്കാള്‍ 4.8 മീറ്റർ ഉയരം കൂടുതലുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ ക്രിസ്തു പ്രതിമ ആയിരിക്കും ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. 76 മീറ്റർ ഉയരമുളള (249 അടി) ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു രൂപത്തിന്റെ നിർമ്മാണം മെക്സിക്കോയിൽ പുരോഗമിക്കുന്നുണ്ട്. രണ്ടാംസ്ഥാനത്ത് 52 മീറ്റർ ഉയരമുള്ള പോളണ്ടിലെ ക്രിസ്തു പ്രതിമയാണ്. ജെനേസിയോ ഗോമസ് മൗറ എന്ന് ശില്പിയും, അദ്ദേഹത്തിന്റെ മകൻ മാർക്കസ് മൗറയുമാണ് പുതിയ രൂപം നിർമ്മിക്കുന്നത്. ഏപ്രിൽ ആറാം തീയതി ശില്പത്തിന് ശിരസും, കൈകളും സ്ഥാപിച്ചു.

2019ൽ ആരംഭിച്ച പ്രതിമയുടെ നിർമ്മാണം ഈ വർഷം അവസാനം പൂർത്തിയാക്കുമെന്ന് ഫ്രണ്ട്സ് ഓഫ് ക്രൈസ്റ്റ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. ഏകദേശം 3,53,000 ഡോളറാണ് നിർമ്മാണത്തിന് ചെലവാകുന്നത്. ഒരു എലവേറ്ററിലൂടെ ആളുകൾക്ക് പ്രതിമയുടെ മുകൾ ഭാഗത്തേക്ക് കയറാൻ സാധ്യമാകുന്ന രീതിയിലാണ് രൂപകല്പന നടത്തിയിരിക്കുന്നത്. രൂപത്തിന്റെ ഹൃദയഭാഗത്ത് ചുറ്റുമുളള ദൃശ്യഭംഗി ആസ്വദിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ഗ്ലാസ്സ് നിർമ്മിതമായ ഒരു ഇടവുമുണ്ട്. ഉറുഗ്വേയുടെയും, അർജൻറീനയുടെയും സമീപ ഗ്രാമമായതിനാൽ ടൂറിസം വളർച്ചയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.