ഡെറാഡൂണ്‍: കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്നതിനിടെ ഹരിദ്വാര്‍ കുംഭമേളയില്‍ നിന്ന്​ പിന്മാറി രണ്ട്​ സന്യാസി സമൂഹങ്ങള്‍. നിരഞ്​ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ്​ അഖാഡയുമാണ്​ കുംഭമേളയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്​. 13 സന്യാസി സമൂഹങ്ങളാണ്​ മേളയില്‍ പ​ങ്കെടുക്കുന്നത്​. ഇരു സന്യാസി സമൂഹവും ഏപ്രില്‍ 17ന്​ ശേഷം കുംഭമേളയില്‍ പ​ങ്കെടുക്കില്ലെന്ന്​ അറിയിച്ചിട്ടുണ്ട്​.

കുംഭമേളയില്‍ പ​ങ്കെടുത്ത അഖില്‍ ഭാരതീയ അഖാഡ പരിഷതിന്‍റെ പ്രസിഡന്‍റ്​ നരേന്ദ്ര ഗിരി കോവിഡ്​ ബാധിച്ച്‌​ ഋഷികേശ്​ എയിംസില്‍ ചികിത്സയിലാണെന്നാണ്​ വിവരം. മധ്യപ്രദേശില്‍ നിന്നുള്ള മഹാ നിര്‍വാനി അഖാഡയില്‍ അംഗമായ സ്വാമി കപില്‍ ദേവ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ സന്യാസ സമൂഹങ്ങളുടെ കുംഭമേളയില്‍ നിന്നുള്ള പിന്മാറ്റം.

കുംഭമേളയില്‍ പ​ങ്കെടുത്ത രണ്ടായിരത്തോളും പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ച്​ ദിവസത്തിനിടെയാണ്​ ​ഇത്രയും പേര്‍ക്ക്​ രോഗബാധ കണ്ടെത്തിയത്​. കോവിഡിനിടെ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്​തിരുന്നു.