റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇടിപ്പിച്ച ശേഷം നിര്‍ത്താതെ പോയെ ആളെ സോഷ്യല്‍ മീഡിയയിലൂടെ തിരഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി. വീഡിയോ വൈറലായതോടെ ജൂഡിന് മുന്നില്‍ നേരിട്ടെത്തി ക്ഷമ ചോദിച്ച്‌ യുവാവ്. രോഹിത്ത് എന്ന യുവാവാണ് തന്റെ വാഹനമാണ് ഇടിച്ചതെന്ന് പറഞ്ഞഅ ജൂഡിന് മുന്നില്‍ നേരിട്ടെത്തിയത്.

ഇന്നലെ രാത്രി പത്തുമണിയോടെ കോട്ടയത്തുള്ള ഭാര്യവീടിന്റെ പുറത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ജൂഡിന്റെ കാറില്‍ മറ്റൊരു വാഹനം വന്നിടിച്ച്‌ നിര്‍ത്താതെ പോയി.ഇന്‍ഷുറന്‍സ് ലഭിക്കണമെങ്കില്‍ ഇടിച്ച വാഹനവും വേണം അതുകൊണ്ട് ഇടിപ്പിച്ചയാള്‍ മുന്നോട്ടുവരണം എന്നു കാണിച്ചുകൊണ്ട് ജൂഡ് സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് യൂവാവ് തന്റെ വാഹനമാണ് ജൂഡിന്റെ വണ്ടിയില്‍ ഇടിച്ചതെന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നത്. ഒരു പൂച്ച കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം വിട്ട് സംഭവിച്ചതാണെന്നും രാത്രി ആയതിനാലാണ് നിര്‍ത്താതെ പോയതെന്നുമാണ് യുവാവ് പറഞ്ഞത്. തന്റെ വാഹനമാണ് ഇടിച്ചതെന്ന് പറഞ്ഞു മുന്നോട്ടുവന്ന യുവാവിന് നന്ദി പറഞ്ഞുകൊണ്ടൊരു വിഡിയോ ജൂഡ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.