എന്‍എസ്‌എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ സിപിഎം. ആര്‍എസ്‌എസിന്റെ വാലാകാനാണ് എന്‍എസ്‌എസ് ശ്രമിക്കുന്നതെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍, മന്നത്ത് പത്മനാഭനെയും വിമര്‍ശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാടിനൊപ്പം സമുദായാംഗങ്ങള്‍ ഉണ്ടാകില്ലെന്നും ഇത് വോട്ടെണ്ണി കഴിയുമ്ബോള്‍ മനസിലാകുമെന്നുംദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിജയരാഘവന്‍ പറയുന്നു.

സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണം. സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കില്ല. മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ ഉള്‍പ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നത്. വര്‍ഗീയ ധ്രുവീകരണവും സാമ്ബത്തിക പരിഷ്‌ക്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എന്‍എസ്‌എസ് നോക്കുന്നില്ല. ആര്‍എസ്‌എസുമായി സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ ശ്രമിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താല്‍പര്യത്തിന് എതിരാണെന്ന് സുകുമാരന്‍ നായരെ പോലുള്ള നേതാക്കള്‍ മനസിലാക്കണം.

സമദൂരം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിനൊപ്പം ചേരാന്‍ എന്‍എസ്‌എസിന് കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്‍എസ്‌എസ് നേതൃത്വം സ്വീകരിച്ചത് തെറ്റായ നിലപാടാണ്. മുന്നാക്ക സംവരണം ഏതെങ്കിലും സമുദായ സംഘടനയുടെ ആവശ്യത്തിനു വഴങ്ങി എടുത്ത തീരുമാനമല്ലെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഒരു ജാതി മത സംഘടനയുടെയും അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറല്ല. സമുദായ സംഘടനകള്‍ അവരുടെ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കട്ടെയെന്നും പരിധി വിടുമ്ബോഴാണ് പ്രശ്‌നമെന്നും ലേഖനത്തില്‍ വിജയരാഘവന്‍ പറഞ്ഞു.

വിമോചന സമരവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മാനാഭനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വിമോചന സമരത്തില്‍ പ്രതിലോമശക്തികള്‍ക്കൊപ്പം സമുദായ സംഘടനകള്‍ ചേര്‍ന്നെന്നാണ് വിമര്‍ശനം.