കൊച്ചി: ഇന്ത്യയിലെ ലാര്‍ജ് കാപ് ഓഹരി മ്യൂചല്‍ ഫണ്ടുകളില്‍ 81 ശതമാനവും 2020 ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ അടിസ്ഥാന സൂചികകളേക്കാള്‍ താഴ്ന്ന പ്രകടനമാണു കാഴ്ച വെച്ചതെന്ന് 2020-ലെ സ്പിവ ഇന്ത്യ വര്‍ഷാന്ത റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മിഡ് കാപ്, സ്മോള്‍ കാപ് പദ്ധതികളില്‍ 67 ശതമാനവും ഇഎല്‍എസ്എസ് പദ്ധതികളില്‍ 65 ശതമാനവും അടിസ്ഥാന സൂചികകളേക്കാള്‍ താഴ്ന്ന പ്രകടനം കാഴ്ച വെച്ചു എന്നും എസ് ആന്റ് പി ഇന്‍ഡീസസ് വേഴ്സസ് ആക്ടീവ് (സ്പിവ) ഇന്ത്യ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോള തലത്തിലെ വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണികളും കോവിഡിനെ തുടര്‍ന്ന് അതീവ ചാഞ്ചാട്ടങ്ങള്‍ നേരിട്ട വര്‍ഷമായിരുന്നു 2020 എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ് ആന്റ് പി ഡോ ജോണ്‍സ് ഇന്‍ഡീസസ് ആഗോള റിസര്‍ച്ച്-ഡിസൈന്‍ അസോസിയേറ്റ് ഡയറക്ടര്‍ ആകാഷ് ജെയിന്‍ പറഞ്ഞു. ഇന്ത്യയിലെ മ്യൂചല്‍ ഫണ്ടുകളെ അവയുടെ അടിസ്ഥാന സൂചികകളുമായി താരതമ്യം ചെയ്യുന്ന റിപോര്‍ട്ടുകളാണ് സ്പിവ ഇന്ത്യ സ്‌ക്കോര്‍ കാര്‍ഡ് പുറത്തിറക്കുന്നത്. ഒരു വര്‍ഷം, മൂന്നു വര്‍ഷം, അഞ്ചു വര്‍ഷം എന്നീ കാലയളവുകളിലെ പ്രകടനങ്ങളാണ് ഇങ്ങനെ വിലയിരുത്തുന്നത്.