ഐപിഎല്ലില്‍ റെക്കോഡ് തുക ലഭിക്കുകയും പിന്നീട് പ്രകടനങ്ങള്‍ മോശമായതിനെ തുടര്‍ന്ന് ടീം പലവട്ടം ഒഴിവാക്കുകയും ചെയ്ത നിരവധി താരങ്ങളുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് ബൗളറായ ജയദേവ് ഉനദ്കട്ടിന്റെ ഐപിഎല്‍ കരിയറും ഇത്തരത്തിലാണ്. രഞ്ജി ട്രോഫിയിലും ഐപിഎല്ലിന്റെ ചില സീസണിലും മിന്നുന്ന പ്രകടനം. മറ്റ് ചിലപ്പോള്‍ തീരെ നിരാശപ്പെടുത്തല്‍. എന്തായാലും ഐപിഎല്ലിന്റെ പതിനാലാം സീസണിലെ തന്റെ ആദ്യമത്സരത്തില്‍ മികച്ച പ്രകടനമാണ് ജയദേവിന്റേത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍. ഈ സീസണില്‍ മിന്നിച്ചേക്കണെ എന്നായിരിക്കാം വിക്കറ്റ് വീഴ്ത്തിയ ശേഷമുളള ജയദേവിന്റെ പ്രകടനങ്ങള്‍ പറയുന്നത്.

രണ്ടാം മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങിയത്. പരിക്ക് കാരണം പിന്മാറിയ ബെന്‍ സ്റ്റോക്‌സിന് പകരം ഡേവിഡ് മില്ലറും ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ബൗളര്‍ ശ്രേയസ് ഗോപാലിന് പകരം ജയദേവ് ഉനദ്കടുമാണ് ടീമില്‍ എത്തിയത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സഞ്ജുവിന് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ബൗളര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ചേതന്‍ സക്കറിയ, ജയദേവ് ഉനദ്കട് എന്നിവരാണ് ആദ്യ സ്‌പെല്‍ എറിഞ്ഞത്.

എറിഞ്ഞ ആദ്യ മൂന്ന് ഓവറുകളിലും ഓരോ വിക്കറ്റ് വീഴ്ത്തി ജയദേവ് ഉനദ്കട് ഡല്‍ഹിയുടെ മുന്‍നിരയെ തകര്‍ക്കുകയും ചെയ്തു. എറിഞ്ഞ ആദ്യ ഓവറിന്റെ അവസാനപന്തില്‍ പൃഥ്വി ഷാ, രണ്ടാമത്തെ ഓവറിന്റെ ഒന്നാം പന്തില്‍ ശിഖാര്‍ ധവാന്‍, മൂന്നാമത്തെ ഓവറിന്റെ അഞ്ചാം ബോളില്‍ അജിങ്ക്യെ രഹാനെ എന്നിവരെയാണ് ജയദേവ് ഉനദ്കട് മടക്കി അയച്ചത്. ഇതില്‍ പൃഥ്വി ഷായും ശിഖാര്‍ ധവാനും ഡല്‍ഹിക്കായി ആദ്യ മത്സരത്തില്‍ 72, 85 എന്നിങ്ങനെയാണ് നേടിയ ബാറ്റ്സ്മാന്‍മാര്‍ കൂടിയാണെന്നത് പ്രത്യേകം ഓര്‍ക്കണം. ജയദേവ് ഉനദ്കട് എറിഞ്ഞ 24 ബോളില്‍ 15 എണ്ണത്തിലും റണ്‍സൊന്നും നേടാന്‍ ഡല്‍ഹിയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ഉനദ്ഘട്ടിന് ഇതൊരു തിരിച്ചുവരവ് കൂടിയാണ്.

2011 മുതല്‍ ഐപിഎല്‍ കളിക്കുന്ന ജയദേവ് ഉനദ്കട് 2017ലെ ഐപിഎല്‍ സീസണിലാണ് ഏറെ തിളങ്ങിയത്. അന്ന് പൂണെക്കായി 12 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റ് വീഴ്ത്തി. 2018 ലാണ് 11.5 കോടി എന്ന റെക്കോഡ് തുകയ്ക്ക് ജയ്ദേവ് ഉനദ്കട് രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാകുന്നത്. സീസണിലെ വിലയേറിയ താരമായിരുന്നിട്ടും 15 മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ മാത്രമേ അത്തവണ നേടാനായുളളൂ. ഇതിനെ തുടര്‍ന്ന് അടുത്ത സീസണില്‍ ക്ലബ്ബ് ഉനദ്കട്ടിനെ ഒഴിവാക്കി. എന്നാല്‍ 2019ലെ ലേലത്തില്‍ രാജസ്ഥാന്‍ തന്നെ 8.5 കോടി മുടക്കി അ​ദ്ദേഹത്തെ തിരിച്ചെത്തിച്ചു. പ്രകടനം മോശമായതിനെ തുടര്‍ന്ന് വീണ്ടും രാജസ്ഥാന്‍ ജയ്ദേവിനെ കൈവിടുകയും അടുത്ത ലേലത്തില്‍ മൂന്ന് കോടി മുടക്കി തിരികെ കൊണ്ടുവരികയും ചെയ്തു.

2011, 2012 സീസണുകളില്‍ കൊല്‍ക്കത്തയില്‍ 1.5 കോടി രൂപയ്ക്ക് കളിച്ച ജയ്ദേവിന്റെ മൂല്യം അടുത്ത സീസണില്‍ ബാംഗ്ലൂരിലെത്തിയപ്പോള്‍ 2.41 കോടിയായി വര്‍ധിച്ചിരുന്നു. 2014ല്‍ ഡല്‍ഹി 2.80 കോടി രൂപയാണ് താരത്തിന് നല്‍കിയത്. അടുത്ത വര്‍ഷം അത് 1.10 കോടിയായി കുറയ്ക്കുകയും ചെയ്തു. എന്നാല്‍ കൊല്‍ക്കത്തയില്‍ 2016ല്‍ ജയദേവിന്റെ മൂല്യം വീണ്ടും 1.60 കോടിയായി വര്‍ധിച്ചെങ്കിലും പൂനെ 30 ലക്ഷം നല്‍കിയാണ് 2017ല്‍ താരത്തെ ടീമിലെത്തിച്ചത്. ആ വര്‍ഷമാണ് ഐപിഎല്ലിലെ ഉനദ്കട്ടിന്റെ ഏറ്റവും മികച്ച പ്രകടനം പിറക്കുന്നതും. 2020ലെ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയുടെ നായകനായിരുന്ന ജയ്ദേവ് ആ സീസണില്‍ 67 വിക്കറ്റോടെ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു.