കെ എം ഷാജിയെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് ഹാജരാകാന്‍ ആണ് വിജിലന്‍സ് നിര്‍ദേശം. കോഴിക്കോട്ടെ വീട്ടിലെത്തി വിജിലന്‍സ് നോട്ടിസ് നല്‍കി. നോട്ടിസ് ലഭിച്ചെന്നും നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും കെ എം ഷാജി ട്വന്റിഫോറിനോട് പറഞ്ഞു. വിജിലന്‍സ് എസ്പി എസ് ശശീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

രേഖകള്‍ 24 മണിക്കൂറിനകം ഹാജരാക്കുമെന്ന പറഞ്ഞ ഷാജി ഇതുവരെ രേഖകള്‍ ഹാജരാക്കിയില്ല. റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും കെ എം ഷാജിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്. റെയ്ഡ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാട്ടെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി അടക്കം രൂപയുടെയും സ്വർണത്തിന്‍റെ ഉറവിടവും വിജിലൻസിന് മുമ്പാകെ ഷാജി ഇതുവരെ സമർപ്പിച്ചിട്ടില്ല. ഈ പണവും അനധികൃത സ്വത്തിൽ പെട്ടതാണോ അല്ലയോ എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാകും.

ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്‍റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്. 2012 മുതൽ 2021 വരെയുള്ള 9 വർഷം കൊണ്ട് ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധനയുണ്ടായി എന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. റെയ്ഡിൽ കണ്ടെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും രേഖ ഹാജരാക്കാൻ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലൻസിനോട് പറ‍ഞ്ഞത്.

കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ നിന്ന് 39,000 രൂപയുടെ വിദേശ കറൻസികൾ, 400 ഗ്രാം സ്വർണം, വിദേശ യാത്രകളുമായി ബന്ധപ്പെട്ട രേഖകൾ, 72 മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തിയിരുന്നു. വിദേശ കറൻസികൾ മക്കളുടെ ശേഖരത്തിൽ ഉള്ളവയാണെന്നായിരുന്നു ഷാജിയുടെ വിശദീകരണമെന്ന് വിജിലന്‍സ് പറയുന്നു.

അതേസമയം വീട്ടിൽ നിന്ന് 400 ഗ്രാം സ്വർണം കണ്ടെടുത്തെന്ന് റെയ്ഡിന് ശേഷം കെ എം ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ സ്വന്തം കൈവശമുള്ളതായി 160 ഗ്രാം സ്വർണം മാത്രമാണ് കാണിച്ചിട്ടുള്ളത്. ഇതും ഷാജിക്ക് മുന്നിൽ പ്രതിസന്ധിയാവുകയാണ്.