ഫ്ളോറിഡ ∙ സൗത്ത് ഫ്ളോറിഡയിലെ പ്രധാന നഗരമായ പെംബ്രോക് പൈൻസ് സിറ്റിയുടെ പരിസ്ഥിതി കമ്മിറ്റിയിലേക്ക് ഡോ. സുജമോൾ സ്കറിയയെ തിരഞ്ഞെടുത്തു. സിറ്റി മേയർ ഫ്രാങ്ക് ഓർട്ടീസും കമ്മീഷണർ ഐറിസ് സിപ്പിളും സംയുക്തമായി ഡോ. സുജമോൾ സ്കറിയയുടെ പേര് നിർദേശിക്കുകയായിരുന്നു. സിറ്റി കൗൺസിൽ ഐക്യകണ്ഠേനയാണ് അംഗീകരികാരം നൽകിയത്.

സത്യപ്രതിജ്ഞ ചടങ്ങിൽ കേരള സമാജം പ്രസിഡന്റ് ജോജി ജോൺ, ഡമോക്രാറ്റിക് പാർട്ടി പ്രതിനിധി സാജൻ കുര്യൻ, ഫോമാ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിജു ആന്റണി, ജോർജ് മലയിൽ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച 11 വ്യക്തികൾ അടങ്ങിയ സമിതിയുടെ നിർദ്ദേശാനുസരണം ആയിരിക്കും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ സിറ്റി കൗൺസിൽ തീരുമാനം എടുക്കുന്നത്. രണ്ടു ലക്ഷത്തോളം ജനസംഖ്യ ഉള്ള നഗരത്തിൽ ഒട്ടേറെ മലയാളികൾ ഉള്ളതിനാൽ അമേരിക്കയിലെ ‘കേരളം’ എന്നാണ് പെംബ്രോക് പൈൻസ് സിറ്റി അറിയപ്പെടുന്നത്.

മുംബൈ ഹിന്ദുജ നഴ്സിങ് കോളജിൽ നിന്നു ഡിപ്ലോമ നേടിയ സുജമോൾ ഫ്ളോറിഡ അറ്റ്ലാന്റിക്, യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറൽ ഡിഗ്രിയും നേടി.

കോട്ടയം തോട്ടക്കാട് കയ്യാലപറമ്പിൽ കറിയാകുട്ടിയുടെയും കുഞ്ഞമ്മയുടെയും മകളാണ്. 16 വർഷമായി ഫ്ളോറിഡാ ഹോളിവുഡ് സിറ്റിയിലെ മെമ്മോറിയൽ റീജിയനൽ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗത്തിൽ സേവനം ചെയ്യുന്നു. ആലപ്പുഴ പുളീംകുന്നു കൊടുപാടത്തിൽ ടോം ജോർജാണു ഭർത്താവ്.