മോസ്‌ക്കോ: കരിങ്കടലില്‍ സേനാഭ്യാസം നടത്തി യുദ്ധത്തിന് തയ്യാറെടുത്ത് റഷ്യ. ക്രിമിയയില്‍ റഷ്യ വന്‍തോതില്‍ ആണവായുധങ്ങള്‍ സംഭരിച്ചിരിക്കുന്നു എന്ന ഉക്രെയിന്റെ ആരോപണം ശരിയാണെങ്കില്‍ അതുതന്നെയായിരിക്കും സംഭവിക്കുക. അമേരിക്ക അയച്ച രണ്ട് യുദ്ധക്കപ്പലുകളില്‍ ഒന്ന് കരിങ്കടലില്‍ എത്താനിരിക്കെ വന്‍തോതിലുള്ള സൈനികാഭ്യാസത്തിനായി റഷ്യന്‍ നേവി തയ്യാറെടുത്തുയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ റഷ്യ കാര്യമായ പ്രകോപനം സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നതായി ഉക്രെയിന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രില്‍ ടരന്‍ പറഞ്ഞു. ക്രിമിയയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആണവായുധങ്ങള്‍ സംഭരിക്കുന്നതിനായി വികസിപ്പിച്ചുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീരപ്രദേശങ്ങളിലെ ആണാവായുധ സാന്നിദ്ധ്യം രാഷ്ട്രീയവും, നിയമപരവും ധാര്‍മ്മികവുമാ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുമെന്നും ആന്‍ഡ്രില്‍ ടരന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രതിരോധ സബ്കമ്മിറ്റിയില്‍ വിശദീകരിച്ചു. തന്റെ ആരോപണം സ്ഥിരീകരിക്കുന്നതിന് മതിയായ തെളിവുകള്‍ നല്‍കാന്‍ പക്ഷെ ടരന് കഴിഞ്ഞിട്ടില്ല. അതേസമയം ഉക്രെയിന്‍ അതിര്‍ത്തിയില്‍ ഇതുവരെ 1,10,000 സൈനികരെ റഷ്യ വിന്യസിച്ചതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇതേസമയം ഗ്രായ്വോറോന്‍, വിഷ്ണി വോലൊചെക്ക് എന്നീ രണ്ട് മിസൈല്‍ കപ്പലുകള്‍ കരിങ്കടലില്‍ യുദ്ധാഭ്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. നാവികാഭ്യാസവും വ്യോമാഭ്യാസവും ഒരുമിച്ചാണ് നടത്തുനന്ത്. ഇവയ്ക്കൊപ്പം മിസൈല്‍ ഹോവര്‍ക്രാഫ്റ്റായ സാമം, മൈന്‍ സ്വീപ്പിങ് കപ്പലുകള്‍ എന്നിവയും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്ക അയച്ച രണ്ട് യുദ്ധക്കപ്പലുകളില്‍ ഒന്ന് ഇന്ന് കരിങ്കടലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

യുഎസ് എസ് ഡോണാള്‍ഡ് കുക്ക്, യു എസ് എസ് റൂസ്വെല്റ്റ് എന്നീ കപ്പലുകളാണ് അമേരിക്ക അയച്ചിരിക്കുന്നത്. അതേസമയം ഉക്രെയിനും അതിര്‍ത്തിയില്‍ കരസേനയുടെ യുദ്ധാഭ്യാസം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കനത്ത പ്രതിഷേധമുണ്ടായിട്ടും റഷ്യ സേനയെ പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനാല്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. അതേസമയം, ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ തമ്മിലുള്ള ഉച്ചകോടി എന്ന ജോ ബൈഡന്റെ നിര്‍ദ്ദേശം പരിശോധിച്ചുവരികയാണെന്ന് റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഈ ഉച്ചകോടിയില്‍ എന്തെല്ലാം ചര്‍ച്ചക്കെത്തുമെന്ന കാര്യം ഇപ്പോള്‍ തീരുമാനിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, റഷ്യ മനഃപൂര്‍വ്വം ഒരു പ്രകോപനം സൃഷ്ടിക്കാനായിട്ടാണ് സൈനിക വിന്യാസം നടത്തിയിരിക്കുന്നതെന്നും ഉക്രെയിന്‍ ഈ കെണിയില്‍ വീഴില്ലെന്നും ജര്‍മ്മന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യുദ്ധം ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണെന്ന വാദവുമായി റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്പുട്നിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് മാരഗരിറ്റ സിമോന്യാന്‍ രംഗത്തെത്തി. നടക്കാന്‍ പോകുന്നത് പരമ്ബരാഗത രീതിയിലുള്ള യുദ്ധമായിരിക്കില്ല എന്നും, വിവരസാങ്കേതിക വിദ്യാ നെറ്റ്‌വര്‍ക്കുകള്‍ക്ക് മേല്‍ പോരാടുന്ന സൈബര്‍ യുദ്ധമായിരിക്കും എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.