കോഴിക്കോട് ബേപ്പൂര്‍ ബോട്ടപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ പുലര്‍ച്ചെ ആറ് മണിക്ക് തെരച്ചില്‍ പുനരാരംഭിക്കും. മംഗലാപുരത്തു നിന്ന് 80 കിലോമീറ്റര്‍ അകലെ പുറംകടലിലാണ് അപകടമുണ്ടായത്. നാവിക സേനയുടെ സഹായം തേടിയതായി ഫിഷറീസ് വകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും അറിയിച്ചു.

ഞായറാഴ്ച രാത്രി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍ പെട്ടത്. സ്രാങ്ക് അലക്‌സാണ്ടറിനൊപ്പം 13 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ തമിഴ്‌നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബംഗാള്‍ സ്വദേശികളുമാണ്. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശി സുനില്‍ദാസ്, തമിഴ്‌നാട് സ്വദേശി വേല്‍മുരുകന്‍ എന്നിവരെയാണ് രക്ഷിച്ചത്. ഒന്‍പത് പേര്‍ ബോട്ടിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. മരിച്ച മൂന്ന് മൃതദേഹങ്ങള്‍ മംഗലാപുരം വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബോട്ടിന് അകത്ത് തന്നെയാണ് ബാക്കിയുള്ളവരുള്ളതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ശക്തിയുള്ള ഇടിയില്‍ രക്ഷപ്പെട്ട രണ്ട് പേരും പുറത്തേക്ക് തെറിക്കുകയാണ് ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ആയതിനാല്‍ തൊഴിലാളികളിലേറെയും ഉറക്കത്തിലായിരുന്നുവെന്നാണ് സൂചന. സിംഗപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് ചരക്കുമായി പോയ കപ്പലാണ് അപകടമുണ്ടാക്കിയത്. ഈ കപ്പല്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്. മൂന്ന് കപ്പലുകളും ഒരു വിമാനവും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.