പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ ടി ജലീല്‍. ഈ മന്ത്രിസഭയില്‍ ബന്ധുനിയമന വിവാദത്തില്‍ അധികാരം നഷ്ടപ്പെടുന്ന രണ്ടാമത്തെ മന്ത്രിയെന്ന പ്രത്യേകതയും ജലീലിന്റെ രാജിക്കുണ്ട്. മന്ത്രിക്ക് എതിരെ ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് രാജി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെയാണ് മന്ത്രിയുടെ രാജിയെന്ന പ്രത്യേകതയുമുണ്ട്.

അധികാരമേറ്റ് 142ാം ദിനം തന്നെ അധികാരം വിടേണ്ടിവന്ന ഇ പി ജയരാജനാണ് പിണറായി മന്ത്രിസഭയില്‍ നിന്ന് ആദ്യം രാജിവച്ച മന്ത്രി. ഭാര്യാസഹോദരിയും പാര്‍ട്ടി നേതാവുമായ പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചത് വിവാദമായതോടെയാണ് ഇ പി ജയരാജന് രാജി വച്ചൊഴിയേണ്ടിവന്നത്. സുധീര്‍ നമ്പ്യാര്‍ ചുമതലയേല്‍ക്കാത്തതിനാല്‍ സര്‍ക്കാരിന് ധനനഷ്ടമുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് അവസാനിപ്പിച്ചതോടെ ഇ പി ജയരാജന്‍ വീണ്ടും അധികാര കസേരയിലേക്ക് തിരിച്ചെത്തി.

 

മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ 2017 മാര്‍ച്ച് 26ന് രാജി വച്ചത്.

പകരം ചുമതലയേറ്റ മന്ത്രി തോമസ് ചാണ്ടിക്ക് അധികം വൈകാതെ കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്നു. 2017 നവംബര്‍ 15 നായിരുന്നു തോമസ് ചാണ്ടിയുടെ രാജി.

ഇതിനിടെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കിയത് ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനത്തേക്കെത്താന്‍ വഴിയൊരുക്കി.

2018 നവംബര്‍ 26നാണ് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചത്. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രി സ്ഥാനം വച്ചുമാറാമെന്ന ജെഡിഎസ് കേരളാ ഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണപ്രകാരമാണ് മാത്യു ടി തോമസിന്റെ രാജി.