മുംബൈ∙ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത 15 ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ബുധനാഴ്ച രാത്രി 8 മുതൽ നിരോധനാജ്ഞ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ഇതിനെ ലോക്ഡൗൺ എന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും അതിനു സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. കോവി‍ഡ് രോഗികൾ അപകടകരമായ രീതിയിൽ വർധിക്കുകയാണെന്നും ‘യുദ്ധം’ വീണ്ടും തുടങ്ങുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തര ആവശ്യങ്ങൾക്കൊഴികെയുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തുടനീളം 144 പ്രഖ്യാപിക്കുമെന്നതിനാൽ നാല് പേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ല. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി സംവിധാനം അനുവദിക്കും.

സംസ്ഥാനത്തെ ഓക്സിജൻ, വാക്സീൻ ക്ഷാമം പരിഹരിക്കുന്നതിന് സൈന്യത്തിന്റെ സഹായവും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ റോഡ് മാർഗം കൊണ്ടുവരുന്നതിന് പകരം വ്യോമസേന ആകാശമാർഗം എത്തിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായും ഉദ്ധവ് താക്കറെ പറഞ്ഞു.