കാസര്‍കോട്: വിദേശ കപ്പലിടിച്ച്‌ തകര്‍ന്ന ബോടിലുണ്ടായിരുന്ന ഒന്‍പത് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. കോസ്റ്റ്‌ഗാര്‍ഡിന്റെ കപ്പലിലാണ് രക്ഷപ്പെട്ടവരെയും മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും മംഗലാപുരത്ത് എത്തിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളും ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ്.

കുളച്ചല്‍ സ്വദേശി അലക്സാണ്ടറും ഇദ്ദേഹത്തിന്റെ അമ്മാവനുമാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മാണിക് ദാസാണ് മരിച്ച മറ്റൊരാള്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള സുനില്‍ ദാസ്, രാമേശ്വരം സ്വദേശി വേല്‍മുരുകന്‍ (37) എന്നിവരാണ് രക്ഷപ്പെട്ടത്.

മം​ഗലാപുരം തീരത്ത് നിന്ന് 60 നോടികല്‍ മൈല്‍ അകലെ പുറംകടലില്‍ വച്ചാണ് വിദേശ കപ്പല്‍ ബോടില്‍ ഇടിച്ചത്.
ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐഎഫ്ബി റബ്ബ എന്ന ബോടാണ് ചൊവ്വാഴ്ച പുലര്‍ചെ 2.30-ഓടെ അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട് പൂര്‍ണമായും തകര്‍ന്നു. 14 പേരാണ് ബോടിലുണ്ടായിരുന്നത്. എപിഎല്‍ ലീ ഹാവ്റെ എന്ന വിദേശകപ്പലാണ് ബോടില്‍ ഇടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ തകര്‍ന്ന ബോടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാര്‍ തന്നെയാണ് രക്ഷപ്പെടുത്തിയത്. കപ്പല്‍ ഇപ്പോഴും അപകടസ്ഥലത്ത് തുടരുകയാണ്.

ബോടിലുണ്ടായിരുന്ന 14 പേരില്‍ ഏഴ് പേര്‍ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബം​ഗാള്‍, ഒഡീഷ സ്വദേശികളുമാണ്. ഞായാറാഴ്ച രാത്രിയാണ് ബോട് ബേപ്പൂരില്‍ നിന്നും പോയത്. 10 ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താന്‍ നിശ്ചയിച്ചാണ് ഇവര്‍ പുറംകടലിലേക്ക് പോയത്. കാണാതായവര്‍ക്കായി കോസ്റ്റ് ​ഗാര്‍ഡിന്റെ രാജ്​ദൂത് ബോടും ഹെലികോപ്ടറും തെരച്ചില്‍ തുടരുകയാണ്.