തിരുവനന്തപുരം> കേരളത്തില്‍നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് 30ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശം 131 എംഎല്‍എമാര്‍ക്ക്. 140 പേരില്‍ നാല് പേര് മരിക്കുകയും മൂന്ന് പേര്‍ രാജിവെക്കുകയും ചെയ്തു. രണ്ട് പേര്‍ക്ക് വോട്ടവകാശവുമില്ല. 34 ആദ്യവോട്ട് കിട്ടുന്നവര്‍ തെരഞ്ഞെടുക്കപ്പെടും. നിലവിലെ കക്ഷിനില അനുസരിച്ച്‌ എല്‍ഡിഎഫിന് രണ്ടുപേരെയും യുഡിഎഫിന് ഒരാളെയും വിജയിപ്പിക്കാം. അതോടെ യുഡിഎഫിന് ഒരംഗത്തെ നഷ്ടപ്പെടും.

തോമസ് ചാണ്ടി ( കുട്ടനാട്) എന്‍ വിജയന്‍പിള്ള (ചവറ), സി എഫ് തോമസ് ( ചങ്ങനാശ്ശേരി), കെ വി വിജയദാസ് (കോങ്ങാട്) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒഴിവില്‍ ഉപതെരഞ്ഞെടുപ്പ് നടന്നിട്ടില്ല. പി സി ജോര്‍ജ്, പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരാണ് രാജിവെച്ചത്. പി സി ജോര്‍ജ് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശം നല്‍കുംമുമ്ബാണ് രാജിവെച്ചത്. പി ജെ ജോസഫും, മോന്‍സ് ജോസഫും രാജിവെച്ചത് വിപ്പ് ലംഘിച്ചതിന് അയോഗ്യത ഭയന്നാണ്. തെരഞ്ഞെടുപ്പ് കേസുള്ളതിനാല്‍ കെ എം ഷാജി, കാരാട്ട് റസാഖ് എന്നിവര്‍ക്കാണ് വോട്ടവകാശമില്ലാത്തത്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നിയമസഭാ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും നല്‍കി. നാമനിര്‍ദേശ പത്രിക 20 വരെ നല്‍കാം. 21ന് സൂക്ഷ്മപരിശോധന. 23 വരെ പത്രിക പിന്‍വലിക്കാം. മൂന്നിലേറെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ 30ന് രാവിലെ ഒമ്ബതുമുതല്‍ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ചിന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് പ്രക്രിയ മെയ് മൂന്നിനകം പൂര്‍ത്തീകരിക്കണമെന്നാണ് തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും തെരഞ്ഞെടുപ്പ്.

കെ കെ രാഗേഷ്, പി വി അബ്ദുല്‍ വഹാബ്, വയലാര്‍ രവി എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധി 21ന് പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി വിവാദമായിരുന്നു. ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കമീഷന്‍ നിലപാട് തിരുത്തിയത്