തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഇടതുമുന്നണി. തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ രണ്ടു ദിവസത്തിനകം ഇടതു മുന്നണി യോഗം ചേരും. രണ്ടു സീറ്റിലും സി പി എം മല്‍സരിക്കാനാണ് ആലോചിക്കുന്നതെങ്കിലും മുന്നണിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇതേസമയം യുഡിഎഫിന് ജയിക്കാവുന്ന സീറ്റ് ലീഗിന് തന്നെ നല്‍കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് സി പി എം തീരുമാനം. ഒഴിവുവരുന്ന മൂന്നില്‍ രണ്ട് സീറ്റുകളില്‍ ഇടതു മുന്നണിക്ക് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനാകും. രണ്ടു സീറ്റും എടുക്കാനാണ് സിപിഎം നീക്കം. എന്നാല്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാകും പ്രഖ്യാപനം. ഘടകകക്ഷികളില്‍ ആര്‍ക്കെങ്കിലും പരിഗണന നല്‍കിയാല്‍ തര്‍ക്കത്തിനിടയാകും. ഇടതു മുന്നണി തീരുമാനത്തിന് പിന്നാലെ വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കും.

എന്നാല്‍ ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്, കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവും കിസാന്‍ സഭ ജോയിന്‍്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്‍ എന്നിവര്‍ പരിഗണനയിലുണ്ടെന്നാണ് സൂചന. പി.ബി അംഗങ്ങളാരും നിലവില്‍ പാര്‍ലമെന്‍്റില്‍ ഇല്ല. അതിനാല്‍ പി.ബി അംഗങ്ങളില്‍ ആരെയെങ്കിലും കേരളത്തില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ധനമന്ത്രി തോമസ് ഐസക്കിന്‍്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. നിയമസഭയിലെ അംഗബലം വച്ച്‌ ഒരാളെ മാത്രമേ യുഡിഎഫിന് ജയിപ്പിക്കാനാകു. മുസ്ലീം ലീഗിന് അവകാശപ്പെട്ട സീറ്റ് കാലാവധി അവസാനിക്കുന്ന പി.വി.അബ്ദുല്‍ വഹാബിന് തന്നെ നല്‍കാന്‍ നേരത്തെ തന്നെ ധാരണയായിട്ടുണ്ട്.