മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെത്തി. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃത പണം കണ്ടെത്തിയതോടെ ഷാജിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. പണത്തിന് കൃത്യമായ സോഴ്സ് കാണിക്കാൻ സാധിച്ചില്ലെങ്കിൽ ഷാജിയെ അറസ്റ്റ് ചെയ്യും.

പുലർച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വീടിൻ്റെ നിർമാണവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.

ഷാജിയുടെ സമ്പത്തിൽ വലിയ വർധന ഉണ്ടായെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകളില്ലെങ്കിൽ ഷാജിയ്ക്ക് കുരുക്ക് മുറുകും.