ഹൂസ്റ്റൻ ∙ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയിലേക്ക് അമേരിക്കയിലെ മാധ്യമ പ്രവർത്തകരായ ഷാജി എസ്‌ .രാമപുരം (ഡാലസ്) , തോമസ് മാത്യു (ജീമോൻ റാന്നി – ഹൂസ്റ്റൻ) എന്നിവർ ഉൾപ്പെടെ 7 പേരെ ഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നോമിനേറ്റ് ചെയ്തു. മൂന്നു വർഷമാണ് കമ്മിറ്റിയുടെ കാലാവധി.

മീഡിയ കമ്മിറ്റിയുടെ കൺവീനർ ഭദ്രാസന സെക്രട്ടറി കൂടിയായ റവ. അജു ഏ ബ്രഹാം, റവ ഡെന്നിസ് ഏബ്രഹാം, ജിബിൻ മാത്യു, ഷാജി മത്തായി, അജു ഡാനിയേൽ എന്നിവരാണ് മറ്റു അംഗങ്ങൾ. മാധ്യമ രംഗത്തും പബ്ലിക് റിലേഷനിലും വ്യക്തിമുദ്ര പതിപ്പിച്ചവരെയാണി ഭദ്രാസന എപ്പിസ്കോപ്പ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് .

ഡാലസ് കാരോൾട്ടൻ മാർത്തോമാ ചർച്ചിൽ നിന്നുള്ള ഷാജി രാമപുരം മൂന്ന് ദശാബ്ദത്തിലേറെയായി മാർത്തോമാ സഭ പ്രധിനിധി മണ്ഡലാംഗമാണ്. മാധ്യമ രംഗത്തും പൊതു പ്രവർത്തന രംഗങ്ങളിലും വിവിധ സംഘടനകളുടെ ഭാരവാഹിയെന്ന നിലയിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. തുടർച്ചയായി മൂന്നാം തവണയാണ്‌ ഷാജി മീഡിയ കമ്മിറ്റിലേക്കു നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക കോർഡിനേറ്റർ കൂടിയാണ് ഷാജി രാമപുരം.

ഹൂസ്റ്റനിൽ നിന്നുള്ള ജീമോൻ റാന്നി അമേരിക്കൻ മലയാളി മാധ്യമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വത്തിനുടമയാണ്. ട്രിനിറ്റി മാർത്തോമാ ഇടവകയിൽ നിന്നുള്ള ഭദ്രസന അസംബ്ലി അംഗം ഉൾപ്പെടെ നിരവധി ഔദ്യോഗീക ചുമതലകൾ നിർവഹിച്ചിട്ടുള്ള ജീമോൻ തുടര്ച്ചയായി രണ്ടാം തവണയാണ് മീഡിയ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഈയിടെ പല ടെലിവിഷൻ ചാനലുകളും സംഘടിപ്പിച്ച രാഷ്ട്രീയ സാംസ്കാരിക ചർച്ചകളിൽ സ്വത സിദ്ധമായ ശൈലിയിൽ വിഷയങ്ങൾ അവതരിപ്പിച്ചു ജനശ്രദ്ധ നേടിയിരുന്നു.. ഷാജിയും ജിമോനും അമേരിക്കയിലെ പ്രമുഖ മാധ്യമ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവപ്രവർത്തകരുമാണ്.