ഹൂസ്റ്റൻ ∙ അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രമുഖ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റൻ (മാഗ്) ഏപ്രില്‍ 8, 10, 11 തിയതികളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ വിജയകരമായി സമാപിച്ചു. സ്റ്റാഫ്‌ഫോർഡിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ ‘കേരള ഹൗസ്’ വ്യത്യസ്ഥവും വേറിട്ടതുമായ പരിപാടികൾ കൊണ്ട് സജീവമായി.

മാഗിന്റെ "സീനിയര്‍ ഫോറം മീറ്റ്" ഏപ്രില്‍ 8 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ഏഴു വരെ കേരളാ ഹൗസില്‍ വച്ച് നടന്നു. മലയാളി കമ്യൂണിറ്റിയിലെ മുതിര്‍ന്ന പൗരന്മാര്‍ (60 വയസ്സിന് മുകളിലുള്ളവര്‍) ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേരളാ ഹൗസില്‍വച്ച് സംഘടിപ്പിച്ച സീനിയര്‍ ഫോറം മീറ്റിങ്ങിന് മുമ്പായി നടന്ന തയ്യല്‍ ക്ലാസിൽ ക്ലാരമ്മ മാത്യൂസ് ക്ലാസ് എടുത്തു. ഓരോ ആഴ്ചയിലും മുതിർന്നവർക്കായി വ്യത്യസ്ത പരിപാടികൾ ആവിഷ്കരിച്ചു കൊണ്ട് സീനിയർ ഫോറത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുക്കയാണ് ലക്ഷ്യമെന്ന് കൺവീനർ റോയ് മാത്യു പറഞ്ഞു.
മാഗ് വുമണ്‍സ് ഫോറവും ഫോമ സതേണ്‍ റീജിയന്‍ വുമണ്‍സ് ഫോറവും സംയുക്തമായി ഏപ്രില്‍ 10 ശനിയാഴ്ച നടത്തിയ "ആര്‍ട്‌സ് &ക്രാഫ്റ്റ് ഷോ ആന്റ് സെയില്‍" ജനശ്രദ്ധ പിടിച്ചു പറ്റി. ഈയിടെ നവീകരിച്ച മാഗിന്റെ റിക്രിയേഷന്‍ സെന്ററില്‍ (1415, പാക്കര്‍ ലൈന്‍, സ്റ്റാഫോഡ് ടെക്‌സാസ്) നടന്ന ഈ പ്രോഗ്രാമിന് നിരവധി ആളുകൾ ഗ്രെയ്റ്റർ ഹൂസ്റ്റൺ നിന്നും പങ്കെടുത്തു. സ്ത്രീകളും കുട്ടികളും വരച്ച നിരവധി ചിത്രങ്ങൾ, ക്രാഫ്റ്റ് ഇനങ്ങൾ, ജൂവലറി ഇനങ്ങൾ തുടങ്ങി റിക്രിയേഷന്‍ സെന്റര് നിറഞ്ഞു നിന്ന ഷോ വേറിട്ടതായി മാറി. കറി വേപ്പില ചെടികൾ, വിവിധ ഇനങ്ങിലുള്ള പച്ചക്കറി വിത്തുകളും തൈകളും ഉൾപെടുത്തിയ പ്ലാന്റ് സ്റ്റാളിൽ നല്ല തിരക്കായിരുന്നു. മാഗ് ബോർഡ് വുമൺ ഫോറം കോർഡിനേറ്റർസായ ക്ലാരമ്മ മാത്യൂസ്, ഷിബി റോയ് എന്നിവരാണ് ആര്‍ട്‌സ് & ക്രാഫ്റ്റ് ഷോക്കു ചുക്കാൻ പിടിച്ചത്. സ്ത്രീ ശാക്തീകരണത്തിന് ഉതകുന്ന വിവിധ പരിപാടികൾ തുടർന്നും നടത്തുവാൻ പദ്ധതികളുണ്ടെന്ന് ക്ലാരമ്മ മാത്യൂസും ഷിബിയും പറഞ്ഞു.
"എസ്റ്റേറ്റ് പ്ലാനിങ് ആന്റ് പ്രൊബേറ്റ്" എന്ന വിഷയത്തെക്കുറിച്ച് മാഗ് സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 10.30 നടന്ന വിഞ്ജാന പ്രദമായ സെമിനാറില്‍ വിഷയം അവതരിപ്പിച്ചത്. നിഷ മാത്യൂസ് (അറ്റോണി അറ്റ് ലോ) ആണ്. വിനോദ് വാസുദേവന്‍ (മാഗ് പ്രസിഡന്റ്), റെനി കവലയില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), റജി കോട്ടയം (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവർ സെമിനാറിന് മുൻപായി സംസാരിച്ചു. എന്താണ് വിൽ പത്രം, വിൽ പത്രം ആരാണ് എഴുതേണ്ടത്, എന്താണ് പ്രോബേറ്റ്, പവർ ഓഫ് അറ്റോർണി, മെഡിക്കൽ പവർ ഓഫ് അറ്റോർണി തുടങ്ങി സെമിനാറിൽ പങ്കെടുത്തവർ ചോദിച്ച കാലിക പ്രസക്തമായ ചോദ്യങ്ങൾക്കും സംശയങ്ങലക്കും അനുഭവ പ്രവർത്തന പരിചയതിന്റെ മികവിൽ നിഷ ഉത്തരം നൽകുകകയും ചെയ്തത് ശ്രദ്ധേയമായി. സൈമൺ വളച്ചേരിൽ (മാഗ് വൈസ് പ്രസിഡന്റ്) നന്ദി അറിയിച്ചു.

ഏപ്രില്‍ 11 ഞായറാഴ്ച രാവിലെ 9.30 മുതല്‍ 2.30 വരെ കേരളാ ഹൗസില്‍ വച്ച് ബ്ലെഡ് ഡൊണേഷന്‍ ഡ്രൈവ് നടത്തി. രക്തദാനം ചെയ്യാന്‍ കേരള ഹൗസിൽ ധാരാളം പേർ എത്തിച്ചേർന്നതായി മാഗ് ഭാരവാഹികള്‍ അറിയിച്ചു. മാഗിനോടൊപ്പം ഫൊക്കാന ടെക്സാസ് റീജിയൻ, ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി, ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൻ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്. ഏബ്രഹാം ഈപ്പന്‍, രഞ്ജിത് പിള്ള, ജോമോന്‍ ഇടയാടില്‍, വിനോദ് വാസുദേവന്‍, ജോജി ജോസഫ്, മാത്യു കൂട്ടാലിൽ, ഏബ്രഹാം തോമസ്, ലിഡാ തോമസ്, സൂര്യജിത്ത്, റോഷിനി , റെജി കുര്യന്‍ എന്നിവർ നേതൃത്വം നൽകി.

2021 ൽ ഹൂസ്റ്റൺ കമ്മ്യൂണിറ്റിക്കു ഉപകാരപ്രദമായ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി മാഗ് ഭാരവാഹികളായ വിനോദ് വാസുദേവന്‍ (പ്രസിഡന്റ്), ജോജി ജോസഫ് (സെക്രട്ടറി), മാത്യു കൂട്ടാലിൽ (വാവച്ചൻ – ട്രഷറർ), ഡോ.ബിജു പിള്ള (പിആർഓ), എന്നിവർ അറിയിച്ചു.