ലൊസാഞ്ചലസ് ∙ സംഗീതത്തെ സ്‌നേഹിക്കുന്നവർക്കു ഒരു സുവർണ്ണാവസരവുമായി കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ‘ഓം’. ഏപ്രിൽ 17ന് പ്രശസ്ത പുല്ലാംകുഴൽ വിദഗ്ദൻ രാജേഷ് ചേർത്തലയും വയലിനിൽ മാന്ത്രികസ്വരങ്ങൾ തീർക്കുന്ന അഭിജിത് നായരും ചേർന്നൊരുക്കുന്ന ‘നാദമുരളി’ യെന്ന സംഗീത പരിപാടി ഒരുങ്ങുന്നു. സംഘടനയുടെ നിർമാണത്തിലിരിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ധനശേഖരണാർഥം അവതരിപ്പിക്കുന്ന പരിപാടി വൈകിട്ട് ആറു മുതൽ രാത്രി ഒൻപതു മണിവരെ (ഇന്ത്യൻ സമയം ഏപ്രിൽ പതിനെട്ട് കാലത്തു ആറരയ്ക്ക്) ആസ്വദിക്കാം.

പരിപാടി ആസ്വദിക്കാനും വിജയിപ്പിക്കാനും എല്ലാ സംഗീതാസ്വാദകരുടെയും പിന്തുണയുണ്ടാകണമെന്നു പരിപാടികളുടെ ചുമതലയുള്ള ഡോ.സിന്ധു പിള്ള, ‘ഓം’ പ്രസിഡന്റ് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ, ഡയറക്ടർ രവി വെള്ളത്തിരി, ട്രഷറർ രമ നായർ എന്നിവർ അഭ്യർഥിച്ചു. പ്രമുഖ റിയൽ എസ്റ്റേറ്ററായ മാത്യു തോമസ്, ധനകാര്യ കൺസൽട്ടന്റ് പോൾ കർള എന്നിവരാണ് പരിപാടിയുടെ പ്രായോജകർ. നാദമുരളി ആസ്വാദിക്കാൻ https://naadamurali.eventbrite.com/ വഴി റജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ohmcalifornia.org സന്ദർശിക്കുക.