ടൊറന്റോ ∙ മധുരഗീതം എഫ്.എം. റേഡിയോയും മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും (മാസ്ക്) ചേർന്ന് ‘സ്പോട്ട്ലൈറ്റ്’ എന്ന പേരിൽ റേഡിയോ നാടകമമൽസരം ഒരുക്കുന്നു. 1000 കനേഡിയൻ ഡോളറാണ് ഒന്നാം സമ്മാനം. ഇതുൾപ്പെടെ നാലായിരത്തോളം ഡോളറിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. സിനിമാതാരവും നാടകപ്രവർത്തകനുമായ ജോയ് മാത്യു ഉൾപ്പെടുന്ന വിധിനിർണയസമിതിയാണ് സമ്മാനർഹരെ കണ്ടെത്തുക. വടക്കൻ അമേരിക്കയിൽ ഇത്തരമൊരു സംരംഭം ആദ്യമാണ്.

ലോകത്തെവിടെനിന്നും മൽസരത്തിൽ പങ്കെടുക്കാം. കാനഡയിൽ നിന്ന് അഞ്ചും മറ്റിടങ്ങളിൽനിന്ന് ഒന്നും ഉൾപ്പെടെ ആറ് മലയാള നാടകങ്ങളാണ് മൽസരത്തിനായി തിരഞ്ഞെടുക്കുക. ഇവ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി മധുരഗീതം 101.3 എഫ്.എം. റേഡിയോയിൽ സംപ്രേഷണം ചെയ്യും. നാടകം15 മിനിറ്റിൽ കവിയരുത്. സാമൂഹിക, ചരിത്ര, പുരാണ, ബൈബിൾ നാടകങ്ങൾ പരിഗണിക്കും. മികച്ച നാടകരചനയ്ക്ക് 500 ഡോളർ സമ്മാനം നൽകും. ഇതിലേക്ക് പരിഗണിക്കുന്നതിന് സ്വന്തം സൃഷ്ടിയാണെന്ന രചയിതാവിന്റെ സാക്ഷ്യപത്രം നിർബന്ധമാണ്.

മികച്ച നടൻ, നടി, ഹാസ്യതാരം, ശബ്ദമിശ്രണം എന്നിവയ്ക്ക് 250 ഡോളർ വീതം, സഹനടൻ, സഹനടി, എന്നിവയ്ക്ക് 150 ഡോളർവീതം എന്നിങ്ങനെയാണ് സമ്മാനം. ഓൺലൈനിലൂടെ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ജനപ്രീയ നാടകത്തിന് 500 ഡോളർ നൽകും. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളുമുണ്ടാകും. റിയൽറ്റർ ജയിംസ് വർഗീസ് (ഹോംലൈഫ് മേപ്പിൾ ലീഫ്) മുഖ്യപ്രായോജകനും ഗോപിനാഥൻ പൊന്മനാടിയിൽ (ചക്രയോഗ് കാനഡ) സഹപ്രായോജകനുമാണ്. ഇ-മീഡിയഡൈജസ്റ്റാണ് ഇവന്റ് പ്രമോട്ടർമാർ.

താൽപര്യമുള്ള ടീമുകൾ ഏപ്രിൽ 30ന് മുൻപ് റജിസ്റ്റർ ചെയ്യണം. സ്ക്രിപറ്റിന്റെ പകർപ്പ് മേയ് 15ന് മുൻപ് ലഭിക്കണം. അവതരണാനുമതി ലഭിക്കുന്ന നാടകങ്ങൾ പ്രക്ഷേപണത്തിന് പാകമായി റെക്കോർഡ് ചെയ്ത് ജൂൺ 30ന് മുൻപ് ലഭ്യമാക്കണം. റജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും വിജയ് സേതുമാധവൻ (416.356.8529), സന്തോഷ് ശ്രീകുമാർ (647.680.1322) എന്നിവരുമായി ബന്ധപ്പെടണം.