സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുന്ന നാലു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ ലഭിക്കും. തെക്കന്‍ കേരളത്തില്‍ ഉച്ച കഴിഞ്ഞ് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് കനത്ത മഴയുടെ സാഹചര്യത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കിയിലും 14 ന് ഇടുക്കി, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുള്ളത്.