അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അധികമായി 100 ഓളം കമ്പനി സൈനികരെ സംസ്ഥാനത്തേക്ക് അയക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കമ്മീഷന്‍ നിര്‍ദേശിച്ചത്. 5ഉം 6ഉം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ശക്തമാക്കി കേന്ദ്ര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇന്ന് വിവിധ ഇടങ്ങളില്‍ റാലികളില്‍ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിലവില്‍ 1000 കമ്പനി സൈനികരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമേയാണ് കൂടുതല്‍ കമ്പനി കേന്ദ്രസേനയ്ക്കായുള്ള ആവശ്യം. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിലെ പഴുതുകള്‍ കേന്ദ്രസേനയെ വിന്യസിക്കുന്നത് വഴി അടയ്ക്കാനാകും എന്ന് കമ്മീഷന്‍ കരുതുന്നു. വരുന്ന ഘട്ടങ്ങളിലെ വോട്ടെടുപ്പ് സുഗമമാക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ സൈനികരെ ആവശ്യപ്പെടുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഏപ്രില്‍ 17, 22, 26, 29 എന്നീ തീയതികളിലാണ് ഇനി വോട്ടെടുപ്പ്. അടിയന്തരമായി അധിക സേനയെ സംസ്ഥാനത്ത് വിന്യസിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

നാലാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ശനിയാഴ്ച വ്യാപക സംഘര്‍ഷമാണ് സംസ്ഥാനത്ത് ഉണ്ടായത്. മാതഭംഗയിലെ പോളിംഗ് സ്റ്റേഷന് മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു ഉയര്‍ന്ന ആരോപണം.