കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ സി.ആര്‍.പി.എഫ് സേന നടത്തിയ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജി.
സില്‍ഗുരിയില്‍ 24 പര്‍ഗാനയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇത് ഒരു ആസൂത്രിത ആക്രമണമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കാണ്. സംഭവത്തിന്റെ ഉത്തരാവിദിത്തം ഏറ്റെടുത്ത് അമിത്ഷാ രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വസ്തുതാ വിരുദ്ധമാണ്. സ്വയം പ്രതിരോധനത്തിനു വേണ്ടിയാണ് വെടിയുതിര്‍ത്തതെന്ന സി.ആര്‍.പി.എഫ് വാദത്തെയും അവര്‍ നിഷേധിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്ന വിഡിയോ ഫുട്ടേജുകളോ മറ്റ് തൊളിവുകളോ ഇല്ലെന്നും മമത ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തന്റെ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ബൂത്തിനു സമീപം ശാരീരിക വൈകല്യമുള്ള കുട്ടിയെ സി.ആര്‍.പി.എഫ് സഹായിക്കുന്നത് കണ്ട് നാട്ടുകാര്‍ തെറ്റിദ്ധരിക്കുയായിരുന്നു എന്നും സംഘടിച്ചെത്തിയ അവര്‍ സേനയുടെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നും സ്വയം രക്ഷയ്ക്കു വേണ്ടിയാണ് വെടിയുടതിര്‍ത്തതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

കൂച്ച്‌ ബെഹാറില്‍ സിതാല്‍കുച്ചി മണ്ഡലത്തിലാണ് സംഭവം. സിതാല്‍കുച്ചിയിലെ ജോര്‍പത്കിയിലുള്ള ബൂത്ത് നമ്ബര്‍ 126 ല്‍ സുരക്ഷയിലുണ്ടായിരുന്ന കേന്ദ്രസേന വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് ഇന്ന് നടന്നത്. ഹൗറ, ഹൂഗ്ലി, കൂച്ച്‌ ബിഹാര്‍ അടക്കമുള്ള അഞ്ചു ജില്ലകളിലെ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്.