ലോകായുക്തയുടെത് മുന്‍പ് ഹൈക്കോടതിയും മുന്‍ കേരളാ ഗവര്‍ണറും തള്ളിയ കേസിലെ വിധിയെന്ന് മന്ത്രി കെ ടി ജലീല്‍. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. മന്ത്രിയുടെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. ” ബഹുമാനപ്പെട്ട ഹൈക്കോടതിയും ബഹുമാനപ്പെട്ട മുന്‍ കേരള ഗവര്‍ണറും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂര്‍ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.” എന്ന് അദ്ദേഹം കുറിച്ചു.

ബന്ധു നിയമനക്കേസില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടര്‍ന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി.