റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരന് പണം നല്‍കിയെന്ന ഫ്രഞ്ച് മീഡിയ പോര്‍ട്ടലിന്റെ വാദം തള്ളി വിമാന നിര്‍മ്മാതാക്കളായ ഡസ്സോള്‍ട്ട് .
ഇന്ത്യയുമായുള്ള കരാര്‍, സര്‍ക്കാരുകള്‍ തമ്മിലുള്ള അടിസ്ഥാനത്തിലാണ് സ്ഥാപിതമായതെന്നും, ഈ കരാറും, അനുബന്ധ കരാറും മാനദണ്ഡങ്ങള്‍ പാലിക്കുന്നതും പൂര്‍ണ്ണ സുതാര്യതയോടെ നടപ്പാക്കുന്നതാണെന്നും ഡസോള്‍ട്ട് വക്താവ് പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അഴിമതി തടയുന്നതിന് കമ്ബനി കര്‍ശനമായ ആഭ്യന്തര നടപടിക്രമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയുടേത് ഉള്‍പ്പെടെ നിരവധി പരിശോധനകളിലൂടെയാണ് കരാര്‍ നടന്നതെന്നും, നിയമലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്ബനി വ്യക്തമാക്കി.
നേരത്തെ, പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ഇടനിലക്കാരനായ സുഷെന്‍ ഗുപ്തയ്ക്ക് പണം നല്‍കിയതായുള്ള രേഖകള്‍ ലഭിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്‌അതേപ്പറ്റി അന്വേഷിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പോര്‍ട്ടല്‍ മീഡിയപാര്‍ട്ട് അവകാശപ്പെട്ടിരുന്നു. യു.പി‌.എയ്ക്ക് കീഴില്‍ ചര്‍ച്ചകള്‍ നടത്തിയ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വി.വി.ഐ.പി ചോപ്പര്‍ ഇടപാടില്‍ പ്രതിഫലം ലഭിച്ചതിന് ഗുപ്ത വിചാരണ നേരിടുന്നു എന്നത് ശ്രദ്ധേയമാണെന്നും മീഡിയപാര്‍ട്ട് വ്യക്തമാക്കിയിരുന്നു.