പൊതുപരിപാടികളിലെല്ലാം മാസ്‌ക് ധരിച്ച് മാത്രം കാണപ്പെട്ട, രണ്ട് ഡോസ് കൊവിഡ് വാക്‌സിനും ലഭിച്ച മുഖ്യമന്ത്രിക്ക് എങ്ങനെ കൊവിഡ് ബാധിച്ചുവെന്നാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. എന്നാൽ ഈ സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ.അഷീൽ.56 ശതമാനം പേർക്കും രോഗം ലഭിക്കുന്നത് അവരുടെ വീടുകളിൽ നിന്നാണ്. കാരണം വീടുകളിൽ നാം മാസ്‌ക്ക് ധരിക്കാറില്ല. മുഖ്യമന്ത്രിയുടെ മകൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അത് തന്നെയാണ് മുഖ്യമന്ത്രിയുടെ രോഗ ഉറവിടവും.വാക്‌സിൻ എടുത്തിരുന്നല്ലോ ?

രണ്ട് ഡോസ് വാക്‌സിനും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. വാക്‌സിൻ എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വാക്‌സിൻ എടുത്താൽ കൊവിഡ് വരില്ല എന്നാണ് ജനങ്ങളുടെ ചിന്ത. എന്നാൽ അങ്ങനെയല്ല വാക്‌സിന്റെ പ്രവർത്തനത്തെ മനസ്സിലാക്കേണ്ടതെന്ന് ഡോ.അഷീൽ പറയുന്നു.

ആദ്യ ഡോസ് വാക്‌സിനെടുത്താൽ 30 മുതൽ 40 ശതമാനം വരെ സുരക്ഷ ലഭിക്കും. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് 80 ശതമാനം സുരക്ഷ ലഭിക്കുന്നത്. കൊവിഡ് വാക്‌സിൻ എടുത്തവരിലും കൊവിഡ് വരാനുള്ള സാധ്യതയുണ്ട്. പക്ഷേ രോഗ ലക്ഷണങ്ങളോടുകൂടിയ രോഗം വരാനുള്ള സാധ്യത 80 ശതമാനം കുറവാണ്.വാക്‌സിൻ എടുത്തവർക്ക് ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. 95 ശതമാനം സുരക്ഷ ലഭിക്കുന്നു. ഇനി രോഗമുണ്ടായാൽ തന്നെ ഗുരുതരമായ രോഗസാധ്യത വളരെ കുറവാണ്. മരണമുണ്ടാകാനുള്ള സാധ്യത 100 ശതമാനം കുറവാണെന്നും ഡോ.അഷീൽ പറഞ്ഞു.

ഇനി വരുന്ന മൂന്നാഴ്ച സംസ്ഥാനത്തിന് നിർണായകമാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഡോ.അഷീൽ പറഞ്ഞു.