ബോളിവുഡില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഫഹദ് ഫാസില്‍. തനിക്ക് ഹിന്ദിയില്‍ എന്ന് ചിന്തിക്കാന്‍ സാധിക്കുമോ അന്ന് മാത്രമേ താന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയുള്ളുവെന്ന് നടന്‍ പറഞ്ഞു. ഐഎഎന്‍എസിനോടായാണ് ഫഹദിന്റെ പ്രതികരണം.

എനിക്ക് ഹിന്ദിയില്‍ സംസാരിക്കാന്‍ സാധിക്കില്ല എന്നല്ല. ഹിന്ദി മനസ്സിലാവുകയും സംസാരിക്കാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ ഒരു രംഗം മെച്ചപ്പെടുത്തിയെടുക്കണമെങ്കില്‍ ഹിന്ദിയില്‍ ചിന്തിക്കാന്‍ സാധിക്കണം.

മലയാളത്തില്‍ ആയാലും പുറത്തായാലും ഞാന്‍ ചെയ്യുന്നത് എനിക്ക് ഫീല്‍ ചെയ്യാന്‍ സാധിക്കണം. ആ ഭാഷ കിട്ടുന്നത് വരെ ബോളിവുഡ് അരങ്ങേറ്റം സംഭവിക്കുകയില്ല’, ഫഹദ് പറഞ്ഞു.
ഫഹദ് നായകനായെത്തിയ ജോജി കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദിലീഷ് പോത്തന്റെ ആദ്യ രണ്ട് സിനിമകള്‍ കണ്ട പ്രതീക്ഷയില്‍ ജോജി കാണാന്‍ എത്തുന്നവരെ നിരാശരാക്കിയിട്ടില്ല എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

മറ്റ് രണ്ട് ചിത്രങ്ങള്‍ വെച്ച്‌ നോക്കുമ്പോള്‍ ഇത് ദിലീഷ് പോത്തന്റെ മാസ്റ്റര്‍ പീസാണെന്നാണ് സമൂഹമാധ്യമത്തില്‍ ജോജിയെ കുറിച്ച്‌ വരുന്ന റിവ്യൂകളില്‍ എല്ലാം പറയുന്നത്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ കോമ്ബോ ഒരിക്കല്‍ കൂടി അവരുടെ മാജിക്ക് സ്‌ക്രീനിലെത്തിക്കുന്ന കാര്യത്തില്‍ വിജയിച്ചു എന്ന് തന്നെയാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.