റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ കളിച്ച ശ്രീലങ്കൻ ലെജൻഡ്സ് ടീമും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. ചാരിറ്റി മത്സരത്തിലാണ് രണ്ട് തലമുറകൾ മുഖാമുഖം കളിക്കുക. മെയ് നാലിന് പല്ലേക്കല്ലെയിലാണ് മത്സരം. മത്സരം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ച് മത്സരം നടത്താനാണ് ശ്രമം. എന്നാൽ, ഇത് ആരോഗ്യവകുപ്പിൻ്റെ പരിഗണനയിലാണ്. മത്സരം നടക്കുകയാണെങ്കിൽ കൊവിഡ് ഇടവേളയ്ക്കു ശേഷം ആരാധകർ പങ്കെടുക്കുന്ന ആദ്യ മത്സരമാവും ഇത്.

അതേസമയം, നിലവിലെ ശ്രീലങ്കൻ ടീമിൽ ആരൊക്കെ ഉണ്ടാവും എന്നതിനെപ്പറ്റി വ്യക്തതയില്ല. ദേശീയ ടീമിൽ കളിക്കുന്ന ചില താരങ്ങൾ ടീമിലുണ്ടാവുമെന്നാണ് സൂചന. ലെജൻഡ്സ് ടീമിലെ താരങ്ങൾ ആരൊക്കെയാണെന്നതും തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങളിൽ മത്സരത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.