ലൊസാഞ്ചലസ്∙ അമേരിക്കൻ ചലച്ചിത്ര താരം സാക് അവേ‌റി എന്ന സക്കേറി ഹേർവിറ്റ്സിനെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റു ചെയ്തു. നിക്ഷേപകരെ കോടിക്കണക്കിനു ഡോളർ തട്ടിച്ച പോൺസി സ്കീമുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് യുഎസ് അധികൃതർ അറിയിച്ചു. തന്റെ 1inMM കമ്പനിക്ക് നെറ്റ്ഫ്ലിക്സ്, എച്ച്ബിഒ എന്നിവയുമായി വ്യാവസായിക ബന്ധമുണ്ടെന്നും അവരിൽനിന്ന് സിനിമ വിതരണത്തിനുള്ള ലൈസൻസും അവകാശവും വാങ്ങുമെന്നും പറഞ്ഞാണ് അവേറി തട്ടിപ്പു നടത്തിയത്. എന്നാൽ ഇവരിൽ ആരുമായും അവേറിക്ക് ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) വ്യക്തമാക്കി.

പോൺസി സ്കീമിനു വേണ്ടിയിട്ടാണ് അവേറി തന്റെ കമ്പനിയെ ഉപയോഗിച്ചിരുന്നത്. പുതിയ നിക്ഷേപകരില്‍നിന്നും പണം ഈടാക്കി മുൻ നിക്ഷേപകര്ക്ക് നൽകുകയായിരുന്നു ചെയ്തിരുന്നതെന്ന് കലിഫോർണിയ സെൻട്രൻ ഡിസ്ട്രിക്ടിലെ യുഎസ് അറ്റോര്‍ണിയുടെ ഓഫിസ് അറിയിച്ചു. 690 മില്യൺ ഡോളറിന്റെ തട്ടിപ്പാണ് അവേറി നടത്തിയത്. 2015ലാണ് തട്ടിപ്പിനു തുടക്കമിടുന്നതെന്നും നിക്ഷേപകർ നൽകിയ 227 മില്യൺ ഡോളർ ഇതുവരെയും തിരികെ അടച്ചിട്ടില്ലെന്നും എസ്ഇസി പറയുന്നു.

അവേറി ചുരുങ്ങിയ കാലം മാത്രമാണ് ഹോളിവുഡിൽ ഉണ്ടായിരുന്നതെന്നും അഭിനേതാവെന്ന നിലയിൽ ശോഭിക്കാൻ സാധിച്ചിരുന്നില്ലെന്നും മാധ്യമമായ ലൊസാഞ്ചലസ് ടൈംസ് പറയുന്നു. 2020 ൽ പുറത്തിറങ്ങിയ "ലാസ്റ്റ് മൊമന്റ് ഓഫ് ക്ലാരിറ്റി" എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആർഭാടകരമായ ജീവിതശൈലി പിന്തുടരുന്നതിനാണ് അവേറി തട്ടിപ്പിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലാസ് വെഗാസിലേക്കുള്ള വിനോദയാത്ര, ആറ് മില്യൺ ഡോളറിന്റെ വീട്, സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനർക്ക് നൽകാൻ എന്നിങ്ങനെയാണ് അവേറി പണം ഉപയോഗിച്ചിരുന്നത്.

തന്റെ 1inMM കമ്പനിയുടെ വിശ്വാസ്യത കാണിക്കുന്നതിനായി അവേറി നിക്ഷേപകർക്ക് വ്യാജ ലൈസൻസും കരാറും നൽകിയിരുന്നു. കൂടാതെ നെറ്റ്ഫ്ലിക്സ്, എച്ച്ബിഒ എന്നിവരുടെ പേരിലുള്ള വിതരണക്കരാറും വ്യാജമായി നിർമിച്ചു നൽകിയിരുന്നുവെന്ന് യുഎസ് അറ്റോർണിയുടെ ഓഫിസ് അറിയിച്ചു. കുറ്റവാളിയെന്ന് തെളിഞ്ഞാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അവേറിക്കെതിരെ ചുമത്തിയിരിക്കുന്നത്.