കണ്ണൂര്‍: കൂത്തുപറമ്ബില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുളള വിലാപ യാത്രയ്ക്കിടെ പരക്കെ അക്രമം. പെരിങ്ങത്തൂരിലെ സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടു. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ എന്നിവ തീവെച്ച്‌ നശിപ്പിച്ചു. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര കടന്നുപോകുന്നത്.

കൂത്തുപറമ്ബില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ഇടത് കാല്‍മുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. പരിക്ക് ഗുരുതരമായതിനാല്‍ തന്നെ തലശേരിയിലെയും വടകരയിലെയും ആശുപത്രികളില്‍ നിന്ന് തുന്നിച്ചേര്‍ക്കാന്‍ പറ്റിയില്ല.

ഇരുപത്തിരണ്ടുകാരനായ മന്‍സൂറിനെ അച്ഛന്റെ മുന്നില്‍ വച്ച്‌ ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മന്‍സൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹ്സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മുഹ്സിന്‍ ഇവിടെ 150ാം നമ്ബര്‍ ബൂത്തിലെ യു.ഡി.എഫ് ഏജന്റായിരുന്നു.

ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികള്‍ എത്തിയത്. ആക്രമണത്തിനിടയില്‍ മുഹ്സിന്റെ സഹോദരനായ മന്‍സൂറിനും വെട്ടേല്‍ക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആദ്യം തലശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.