ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ പതിനൊന്നാം വട്ട സൈനിക ചര്‍ച്ചയ്ക്ക് ഒരുങ്ങി ഇന്ത്യയും ചൈനയും. വെള്ളിയാഴ്ച ഇരു രാജ്യങ്ങളും സൈനിക തല ചര്‍ച്ച നടത്തും.

കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളായ ഹോട്ട് സ്പ്രിങ്സ്, ദോഗ്ര, ദെസ്പാഞ്ച് സമതലം എന്നിവിടങ്ങളില്‍ ഇപ്പോഴും സൈനികരുടെ സാന്നിദ്ധ്യമുണ്ട്. ഇവിടെ നിന്നുമുള്ള സൈനിക പിന്മാറ്റമാകും അടുത്ത സൈനിക തല കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

ബാക്കിയുള്ള മേഖലകളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും അന്തിമ ധാരണയിലെത്തുമെന്നും സൂചനയുണ്ട്. ലഡാക്കില്‍ പൂര്‍ണ്ണമായും സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയും, ചൈനയും വീണ്ടും ചര്‍ച്ച നടത്തുമെന്ന സൂചനകള്‍ കഴിഞ്ഞദിവസം കേന്ദ്ര വിദേശകാര്യ വക്താവ് പുറത്തുവിട്ടിരുന്നു.

പാംഗോംഗ് സോയിലെ സൈനിക പിന്മാറ്റമായിരുന്നു 10ാം വട്ട ഇന്ത്യ- ചൈന ചര്‍ച്ചയിലെ പ്രധാന വിഷയം. ധാരണ പ്രകാരം പാംഗോംഗ് തടാക മേഖയിലെ സൈനിക പിന്മാറ്റം നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്.