സൗന്ദര്യമത്സരത്തിനിടെ ജേതാവ് അയോഗ്യയെന്ന് ആരോപണം. മിസിസ് ശ്രീലങ്ക സൗന്ദര്യമത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിൽ വിജയിയായ യുവതിയുടെ തലയിൽ നിന്ന് കിരീടം തട്ടിയെടുത്ത് മുൻ വർഷത്തെ ജേതാവ് റണ്ണേഴ്സ് അപ്പിനു നൽകി. മത്സരത്തിൽ വിജയിച്ച യുവതി വിവാഹമോചിത ആണെന്നും അതുകൊണ്ട് തന്നെ അവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നും ആരോപിച്ചായിരുന്നു നടപടി.

പുഷ്പിക ഡിസിൽവയാണ് ഇക്കൊല്ലത്തെ മിസിസ് ശ്രീലങ്ക മത്സരത്തിൽ ജേതാവായത്. വിജയിയെ പ്രഖ്യാപിച്ച് പുഷ്പിക കിരീടമണിഞ്ഞ് വേദിയിൽ ഇരിക്കവേയായിരുന്നു നാടകീയ സംഭവങ്ങൾ. മുൻ മിസിസ് ശ്രീലങ്കയും മിസിസ് വേൾഡുമായ കരോളിൻ ജൂരി, വിവാഹമോചിത ആയതിനാൽ പുഷ്പിക അയോഗ്യയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് പുഷ്പികയുടെ തലയിലെ കിരീടം അഴിച്ചെടുത്ത് കരോളിൻ റണ്ണേഴ്സ് അപ്പിന് കിരീടം അണിയിക്കുകയായിരുന്നു.

താൻ വിവാഹമോചിത അല്ലെന്നും വേർപെട്ട് ജീവിക്കുകയാണെന്നും പുഷ്പിക പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. താൻ അയോഗ്യ ആണെങ്കിൽ മത്സരത്തിനു മുൻപ് തന്നെ വിവരം അറിയിക്കണമായിരുന്നു എന്ന് അവർ കുറിച്ചു. ഇതിനു പിന്നാലെ വാർത്താസമ്മേളനത്തിൽ വച്ച് പുഷ്പിക തന്നെയാണ് വിജയി എന്ന് അധികൃതർ അറിയിച്ചു