താരക്കൈമാറ്റ വിപണിയിൽ പണക്കിലുക്കവുമായി വീണ്ടും എടികെ മോഹൻബഗാൻ. ഹൈദരാബാദ് എഫ്സിയ്ക്കായി കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയ ലിസ്റ്റൺ കൊളാസോയെ ഒരു കോടിയോളം രൂപ മുടക്കിയാണ് എടികെ എത്തിക്കുക എന്നാണ് റിപ്പോർട്ട്. കരാർ ഉറപ്പായിക്കഴിഞ്ഞെന്നും ഏറെ വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഐഎഫ്ടിഡബ്ല്യുസി ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ ലിസ്റ്റണെ വിട്ടുനൽകാൻ ഹൈദരാബാദ് തയ്യാറായിരുന്നില്ലെങ്കിലും എടികെ മുന്നോട്ടുവച്ച ഉയർന്ന ട്രാൻസ്ഫർ ഫീ ക്ലബ് അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഹൈദരാബാദിനായി ലിസ്റ്റൺ നടത്തിയ പ്രകടനങ്ങൾ താരത്തിന് ഇന്ത്യൻ ടീമിലും ഇടം നേടിക്കൊടുത്തിരുന്നു. ഇന്ത്യയുടെ അടുത്ത മിഡ്ഫീൽഡ് ജനറൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ലിസ്റ്റൺ. മൻവീർ സിംഗിനെ 80 ലക്ഷം രൂപ നൽകി എത്തിച്ചതാണ് ക്ലബിൻ്റെ ഏറ്റവും ഉയർന്ന ഇന്ത്യൻ സൈനിംഗ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പരിഗണിച്ചാൽ ഈ റെക്കോർഡ് പഴങ്കഥയാകും.