പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത് ബോംബ് സ്‌ഫോടനത്തിലെന്ന് സൂചന. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പരാമർശം. മരണകാരണം ഇടതുകാൽമുട്ടിന് താഴെയുണ്ടായ മുറിവാണെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

ബോംബേറിൽ മൻസൂറിന്റെ കാല് ചിതറി പോയെന്നും തുടർന്നുണ്ടായ മുറിവും രക്തം വാർന്നതുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇടത് കാലിന്റെ മുട്ടിന് താഴേക്ക് പൂർണമായും ചിതറിപ്പോയിരുന്നു.

മൻസൂറിന്റെ സഹോദരനായ മൊഹ്‌സിനെ അക്രമിക്കാനാണ് അക്രമകാരികൾ എത്തിയത്. ആ സമയത്ത് മൻസൂർ ഇടപെട്ടു. തുടർന്ന് മുൻസൂറിനെയും അക്രമിച്ചു. ഇതിന് പിന്നാലെ അക്രമകാരികൾ ബോംബെറിഞ്ഞ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ മൻസൂറിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയിരുന്നു.

മൊഹ്‌സിൻ അപകടനില തരണം ചെയ്തിട്ടുണ്ട്.