തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്ര നിര്‍ദേശം. കേരളത്തിലിപ്പോള്‍ നടക്കുന്ന കൊവിഡ് പരിശോധനകളിലേറെയും ആന്‍്റിജന്‍ പരിശോധനയാണ്. കൃത്യത കുറവായ ഈ പരിശോധന കുറച്ച്‌ പിസിആര്‍ പരിശോധന പരമാവധി കൂട്ടണമെന്നാണ് കേന്ദ്ര നിര്‍ദേശം.

എന്നാല്‍ പരമാവധി രോഗ ബാധിതരെ വേഗത്തില്‍ കണ്ടെത്താന്‍ ആന്‍റിജന്‍ പരിശോധനക്ക് കഴിയുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കേരളത്തില്‍ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിന്‍്റെ പ്രതിരോധം ശരിയായ നിലയ്ക്കാണെന്നും സര്‍ക്കാര്‍ വിദഗ്ധ സമിതി അവകാശപ്പെടുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കുകയും ചെയ്യും.

കേരളത്തില്‍ മാര്‍ച്ച്‌ ഒന്നുമുതല്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2000 ന് താഴെയായിരുന്നു. 12 ന് മുകളില്‍ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ലേക്ക് വരെ താഴ്ന്നു. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്.

ഇന്നലെ 3502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് ആരോഗ്യവകുപ്പിന്‍്റെ തന്നെ മുന്നറിയിപ്പ്. ഈ മാസം പകുതിയോടെ പരമാവധി വര്‍ധന വന്നേക്കാം. രണ്ടാം തരംഗം ഇവിടേയുമുണ്ടെന്ന് വിലയിരുത്തല്‍.